"എന്റെ റെക്കോർഡ് തകർക്കുന്നത് ആ ഇന്ത്യൻ താരമാകും"; ചരിത്രനേട്ടത്തിന് പിന്നാലെ വൈഭവിനെ പ്രശംസിച്ച് ജോസ് ബട്‌ലർ
ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇംഗ്ലീഷ് താരം ജോസ് ബട്‌ലർ. എന്നെങ്കിലും തന്റെ ഈ റെക്കോർഡ് തകരുകയാണെങ്കിൽ അത് വൈഭവ് സൂര്യവംശിയായിരിക്കും മറികടക്കുകയെന്ന് ബട്‌ലർ പറഞ്ഞു.
ദി ഹണ്ട്രഡ് ലീഗിൽ വെൽഷ് ഫെയറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സിന് വേണ്ടി 27 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയാണ് ബട്‌ലർ റെക്കോർഡ് നേട്ടം കൈവരിച്ചത്. 14,803 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡിന്റെ റെക്കോർഡാണ് 14,833 റൺസ് നേടി ബട്‌ലർ മറികടന്നത്.
മത്സരശേഷം സ്‌കൈ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ബട്‌ലർ വൈഭവിനെ കുറിച്ച് സംസാരിച്ചത്. ക്രിക്കറ്റിൽ കാര്യങ്ങൾ പെട്ടെന്നാണ് മാറുന്നതെന്നും കഠിനാധ്വാനത്തിലൂടെ തിരിച്ചുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കൂടുതൽ ട്വന്റി-20 റൺസുള്ള താരമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എന്നാൽ ഈ റെക്കോർഡ് ഭാവിയിൽ വൈഭവ് സൂര്യവംശി തകർക്കുമെന്നാണ് കരുതുന്നതെന്നും ബട്‌ലർ കൂട്ടിച്ചേർത്തു.
