കെസിഎൽ സീസൺ-3: ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച; ആവേശം പകരാൻ സഞ്ജുവും
കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസണിന്റെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച (ഓഗസ്റ്റ് 17) തിരുവനന്തപുരത്ത് നടക്കും. കോവളം ലീല റാവിസ് ഹോട്ടലിൽ വൈകുന്നേരം 5.30-നാണ് ചടങ്ങ്. പി.സി. വിഷ്ണുനാഥ്, ഇന്ത്യൻ ക്രിക്കറ്റ് താരവും കെസിഎൽ ഐക്കണുമായ സഞ്ജു സാംസൺ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ടൂർണമെന്റിൽ മത്സരിക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ചടങ്ങിൽ ഔദ്യോഗികമായി പരിചയപ്പെടുത്തും. കൂടാതെ ക്യാപ്റ്റന്മാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരെയും അവതരിപ്പിക്കും. പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ മെന്റലിസം പ്രോഗ്രാമും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും. ഇന്റർ സ്കൂൾ ടൂർണമെന്റുകൾ ഉൾപ്പെടെ നടത്തി വളർന്നുവരുന്ന താരങ്ങൾക്ക് മികച്ച പ്ലാറ്റ്‌ഫോം ഒരുക്കാനാണ് കെസിഎ പദ്ധതിയിടുന്നത്.
ഈ മാസം 20-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന പോരാട്ടങ്ങൾ സെപ്റ്റംബർ 5-ന് ഫൈനലോടെ അവസാനിക്കും. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറ് ടീമുകളാണ് കെസിഎല്ലിൽ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടുമ്പോൾ, രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും തമ്മി പോരാടും.
