കെസിഎൽ; കൊച്ചിയെ തകർത്ത് ട്രിവാൻഡ്രം റോയൽസ് മുന്നിൽ

  1. Home
  2. Sports

കെസിഎൽ; കൊച്ചിയെ തകർത്ത് ട്രിവാൻഡ്രം റോയൽസ് മുന്നിൽ

kcl


കേരള ക്രിക്കറ്റ് ലീഗിൽ (KCL) നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൻഡ്രം റോയൽസ്. കൊച്ചി പടുത്തുയർത്തിയ 197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ റോയൽസ് മറികടന്നു. ക്യാപ്റ്റൻ കൃഷ്ണപ്രസാദും സെഞ്ചുറി നേടിയ ഗോവിന്ദ് ദേവ് പൈയും ചേർന്ന പുറത്താകാത്ത 185 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് ട്രിവാൻഡ്രത്തിന് അനായാസ വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി, 70 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിട്ടെങ്കിലും സച്ചിൻ സുരേഷ് (33), മനുകൃഷ്ണൻ (47) എന്നിവരുടെ കൂട്ടുകെട്ടിന്റെ ബലത്തിൽ കൂറ്റൻ സ്‌കോറിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിൽ മുഹമ്മദ് ആഷിഖും (21), അനന്തു സുനിലും (18) തകർത്തടിച്ചതോടെ കൊച്ചി 20 ഓവറിൽ 196 റൺസ് നേടി. ട്രിവാൻഡ്രത്തിനായി വിനോദ് കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് 12 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും പിന്നീട് ഒന്നിച്ച കൃഷ്ണപ്രസാദും ഗോവിന്ദ് പൈയും ചേർന്ന് കൊച്ചി ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. 62 പന്തിൽ 11 ഫോറും 4 സിക്‌സറുമടക്കം 108 റൺസെടുത്ത ഗോവിന്ദ് ദേവ് പൈ ഈ സീസണിലെ ആദ്യ സെഞ്ചുറിയും നേടി. കൃഷ്ണപ്രസാദ് 68 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർത്ത 185 റൺസ് ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. തോൽവിയോടെ 10 കളികളിൽ നിന്ന് ആറ് പോയിന്റുമായി അവസാന സ്ഥാനക്കാരായാണ് ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.