ജംഷേദ്പുർ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

  1. Home
  2. Sports

ജംഷേദ്പുർ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

blasters


ഐഎസ്എല്ലിൽ സ്വന്തം തട്ടകമായ കൊച്ചിയിലെ ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ ഹോം വിജയം. ജംഷേദ്പുർ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. മലയാളി താരങ്ങളായ നിഹാൽ സുധീഷും വിബിൻ മോഹനനും നേടിയ തകർപ്പൻ ഗോളുകളാണ് മഞ്ഞപ്പടയ്ക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമാണിത്.

മത്സരത്തിന്റെ 12-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തു. കെവിൻ യോക്ക് നൽകിയ മനോഹരമായ പന്തിൽ നിന്ന് കരീം ബെനാരിഫ് ബോക്‌സിനുള്ളിലേക്ക് നൽകിയ പാസ് നിഹാൽ സുധീഷ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ബെനാരിഫിന് പകരം കളത്തിലിറങ്ങിയ വിബിൻ മോഹനൻ 36-ാം മിനിറ്റിൽ ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. വലതുവശത്തുനിന്നും ഫ്രാഞ്ചുവും നിഹാലും ചേർന്നു നടത്തിയ നീക്കത്തിനൊടുവിൽ വന്ന ക്രോസ് വിബിൻ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ജംഷേദ്പുർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ഉറച്ച നിലപാടും അവർക്ക് തടസ്സമായി. 84-ാം മിനിറ്റിൽ താരം എസെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ജംഷേദ്പുരിന്റെ പോരാട്ടം അവസാനിച്ചു. സ്വന്തം നാട്ടുകാരായ താരങ്ങൾ തന്നെ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് കൊച്ചിയിലെ ഗാലറികളിൽ വൻ ആഘോഷമാണ് സൃഷ്ടിച്ചത്.