കേരള ക്രിക്കറ്റ് ലീഗ്: നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫ്രാഞ്ചൈസികൾ; അസറുദ്ദീനും സൽമാൻ നിസാറും ടീമുകളിൽ തുടരും
കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിനായുള്ള താരലേലം അടുത്തുവരവെ, നിലനിർത്തുന്ന (Retained) താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. പരമാവധി നാല് താരങ്ങളെ നിലനിർത്താൻ അനുവാദമുള്ളതിൽ ഏരീസ് കൊല്ലം സെയിലേഴ്‌സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതം നിലനിർത്തി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ്, ട്രിവാൺഡ്രം റോയൽസ് എന്നിവർ മൂന്ന് താരങ്ങളെ വീതവും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് രണ്ട് പേരെയും നിലനിർത്തിയപ്പോൾ ആലപ്പി റിപ്പിൾസ് ഒരു താരത്തെ മാത്രമാണ് ഒപ്പം നിർത്തിയത്. കെസിഎൽ മൂന്നാം സീസണിന്റെ താരലേലം ജൂലൈ 11-ന് നടക്കും.
വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയ പ്രധാന താരങ്ങളും അവരുടെ പ്രതിഫലവും
ഏരീസ് കൊല്ലം സെയിലേഴ്‌സ്
കഴിഞ്ഞ രണ്ട് സീസണുകളിലും ഓൾറൗണ്ട് മികവ് പുലർത്തിയ എൻ.എം. ഷറഫുദ്ദീൻ (₹7.5 ലക്ഷം), കഴിഞ്ഞ സീസണിലെ മികച്ച ബാറ്റർ അഭിഷേക് ജെ. നായർ (₹5 ലക്ഷം) എന്നിവർക്കൊപ്പം പവൻ രാജ്, വിജയ് വിശ്വനാഥ് (₹1.5 ലക്ഷം വീതം) എന്നിവരെയാണ് കൊല്ലം നിലനിർത്തിയത്.
തൃശൂർ ടൈറ്റൻസ്
കഴിഞ്ഞ സീസണിൽ 437 റൺസുമായി തിളങ്ങിയ കൗമാരതാരം അഹ്‌മദ് ഇമ്രാൻ (₹7.5 ലക്ഷം), ഷോൺ റോജർ (₹5 ലക്ഷം) എന്നിവർക്കൊപ്പം ആദിത്യ വിനോദ്, എ.കെ. അർജുൻ (₹1.5 ലക്ഷം വീതം) എന്നിവരെ തൃശൂർ ഒപ്പം നിർത്തി.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ്
കഴിഞ്ഞ സീസണിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അഖിൽ സ്‌കറിയ (₹3.75 ലക്ഷം), മികച്ച ബാറ്റർ സൽമാൻ നിസാർ (₹7.5 ലക്ഷം), മുൻ ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ (₹5 ലക്ഷം) എന്നീ മൂന്ന് മുൻനിര താരങ്ങളെയും കാലിക്കറ്റ് നിലനിർത്തിയിട്ടുണ്ട്.
മറ്റ് ടീമുകൾ നിലനിർത്തിയവർ:
- ട്രിവാൺഡ്രം റോയൽസ്: കഴിഞ്ഞ സീസണിലെ റൺവേട്ടക്കാരൻ കൃഷ്ണപ്രസാദ് (₹7.5 ലക്ഷം), വി. അജിത് (₹1.5 ലക്ഷം), ഗോവിന്ദ് ദേവ് പൈ (₹1.5 ലക്ഷം).
- കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: ടീമിനെ നയിച്ച സാലി സാംസൺ (₹7.5 ലക്ഷം), മുഹമ്മദ് ആഷിഖ് (₹1.5 ലക്ഷം).
- ആലപ്പി റിപ്പിൾസ്: സൂപ്പർ താരം മുഹമ്മദ് അസറുദ്ദീനെ (₹7.5 ലക്ഷം) മാത്രമാണ് ആലപ്പി ഇത്തവണ നിലനിർത്തിയത്.
