കേരള ക്രിക്കറ്റ് ലീഗ്: മുഹമ്മദ് അസ്ഹറുദ്ദീന് അർധസെഞ്ചുറി; തിരുവനന്തപുരം റോയൽസിനെതിരെ ആലപ്പി റിപ്പിൾസിന് തകർപ്പൻ ജയം
കേരള ക്രിക്കറ്റ് ലീഗിൽ തിരുവനന്തപുരം റോയൽസിനെ 8 വിക്കറ്റിന് തകർത്ത് ആലപ്പി റിപ്പിൾസിന് സീസണിലെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരത്തെ 8 വിക്കറ്റ് നഷ്ടത്തിൽ 126 റൺസിലൊതുക്കിയ ആലപ്പി, വെറും 12.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
29 പന്തിൽ 5 സിക്സും 8 ഫോറുമടക്കം 68 റൺസ് വാരിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനമാണ് ആലപ്പിയുടെ ജയം എളുപ്പമാക്കിയത്. ക്യാപ്റ്റൻ സച്ചിൻ ബേബി (26), അരുൺ കെ.എ (24) എന്നിവർ പുറത്താകാതെ നിന്നു. 3 വിക്കറ്റ് വീഴ്ത്തിയ വിനിൽ ടി.എസും 2 വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് തിരുവനന്തപുരത്തെ ചെറിയ സ്കോറിലൊതുക്കിയത്.
തിരുവനന്തപുരത്തിനായി സിജോമോൻ ജോസഫും (46*), വാലറ്റത്ത് അജീഷും (23) മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തത്. തൃശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്നിവർക്ക് പിന്നാലെയാണ് ആലപ്പിയും ടൂർണമെന്റിൽ ആദ്യ വിജയം കുറിക്കുന്നത്.
