വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ഉത്തരാഖണ്ഡിനെ 16 റൺസിന് തോൽപ്പിച്ചു
വിനു മങ്കാദ് ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയത്തോടെ തുടക്കമിട്ട് കേരളം. ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെ 16 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. മഴ കാരണം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് 40.5 ഓവറിൽ 300 റൺസിന് ഓൾ ഔട്ടായി. ഓപ്പണർ കെ.ആർ. രോഹിതിന്റെ വെടിക്കെട്ട് സെഞ്ചുറിയും (84 പന്തിൽ 123) ആദർശ് രഞ്ജിത്തിന്റെ 5 വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ജയമൊരുക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് രോഹിതും (123) അഹ്‌മദ് ഖാനും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. തുടർന്ന് മാനവ് കൃഷ്ണയും (42), സംഗീത് സാഗറും (34) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ ഉത്തരാഖണ്ഡിനായി മായങ്ക് മുദീലയും ലക്കി പരാശറും ചേർന്ന് ഏഴാം വിക്കറ്റിൽ 105 റൺസ് കൂട്ടിചേർത്ത് ഭീഷണി ഉയർത്തിയെങ്കിലും 39-ാം ഓവറിൽ ഇരുവരെയും പുറത്താക്കി ആദർശ് രഞ്ജിത്ത് കളി കേരളത്തിന്റെ വഴിക്കാക്കി. കേരളത്തിന് വേണ്ടി ആദർശ് അഞ്ചും ഇഷാൻ കുനാൽ നാലും വിക്കറ്റുകൾ വീഴ്ത്തി.
