സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളാൻ കേരളം ഒരുങ്ങുന്നു; കൊച്ചി ഉൾപ്പെടെ അഞ്ച് ജില്ലകൾ പരിഗണനയിൽ
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന് വീണ്ടും ആതിഥേയത്വം വഹിക്കാൻ കേരളം സന്നദ്ധത അറിയിച്ചു. ചാമ്പ്യൻഷിപ്പിന് വേദിയാകാനുള്ള താല്പര്യം വ്യക്തമാക്കി കേരള ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) കത്ത് നൽകി.
നിലവിലെ റണ്ണറപ്പുകളെന്ന നിലയിൽ ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുകയാണെങ്കിൽ ഫൈനൽ റൗണ്ട് മത്സരങ്ങൾക്കോ, അതല്ലെങ്കിൽ യോഗ്യതാ റൗണ്ട് ഉൾപ്പെടെയുള്ള മത്സരങ്ങൾക്കോ ആതിഥ്യമരുളാനാണ് കേരളത്തിന്റെ നീക്കം. കൊച്ചിക്ക് പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളെയാണ് പ്രധാന വേദികളായി കെ.എഫ്.എ പരിഗണിക്കുന്നത്.
നാല്പതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൊച്ചിക്ക് വാണിജ്യപരമായ മുൻതൂക്കമുണ്ട്. എന്നാൽ സ്റ്റേഡിയം വാടക അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന്റെ സഹായം ലഭിച്ചാലാകും കൊച്ചിക്ക് മുൻഗണന നൽകുക. അല്ലാത്തപക്ഷം കോഴിക്കോടിനോ കണ്ണൂർ, മലപ്പുറം ജില്ലകൾക്കോ അവസരം ലഭിച്ചേക്കും. ഔദ്യോഗിക ബിഡ് ക്ഷണിക്കുന്ന മുറയ്ക്ക് അപേക്ഷ സമർപ്പിക്കുമെന്ന് കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ അറിയിച്ചു.
