നോക്കൗട്ട് ചിത്രം തെളിഞ്ഞു, ഇനി കടുത്ത മത്സരങ്ങൾ
ലോകകപ്പിലെ നോക്കൗട്ട് ചിത്രങ്ങൾ തെളിഞ്ഞു. ഗ്രൂപ്പ് ജെ യിലെ മത്സരങ്ങൾ കഴിഞ്ഞതോടെ നോക്കൗട്ടിലേക്കുള്ള 32 ടീമുകളുടെയും എതിരാളികൾ ആരെന്ന് തീരുമാനമായി. സഹ ആതിഥേയരായ മെക്സിക്കോ, ഫ്രാൻസ്, അർജന്റീന എന്നീ മൂന്ന് ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് നോക്കൗട്ടിലേക്ക് മുന്നേറിയിരിക്കുന്നത്. ബ്രസീൽ, സ്വിറ്റ്‌സർലൻഡ്, മൊറോക്കോ, യുഎസ്എ, നെതർലൻഡ്സ്, ജപ്പാൻ, ബെൽജിയം, സ്പെയിൻ, കേപ് വർദെ, കൊളംബിയ, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ വമ്പൻ ടീമുകൾ എല്ലാം തന്നെ സമനില വഴങ്ങിയെങ്കിലും തോൽവിയറിയാതെയാണ് നോക്കൗട്ടിലേക്ക് എത്തിയത്.
നോക്കൗട്ടിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ ഏഷ്യൻ ശക്തികളായ ജപ്പാൻ നേരിടും. നാളെ രാത്രി 10. 30 നാണ് മത്സരം. ആദ്യ കളിയിൽ മൊറോക്കോയോട് അപ്രതീക്ഷിതമായ സമനിലവഴങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ കാനറികൾ വിജയവഴിയിൽ തിരിച്ചെത്തി. അതേസമയം മികച്ച ഫോമിലാണ് ജപ്പാൻ കളിക്കുന്നത്. യൂറോപ്യൻ വമ്പന്മാരായ നെതർലാൻഡ്സിനെ സമനിലയിൽ ജപ്പാൻ തളച്ചിരുന്നു. നോക്കൗട്ടിലെ ആദ്യ മത്സരം തന്നെ ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച രണ്ട് ടീമുകൾ തമ്മിലാണെന്നുള്ളത് ആവേശം ഇരട്ടിയാക്കുന്നു.
നോക്കൗട്ടിലെ രണ്ടാം മത്സരത്തിൽ ജർമനിക്ക് എതിരാളികൾ പരാഗ്വായ് ആണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലാണ് ജർമൻ ക്യാമ്പ്. എന്നാൽ കുറൊസാവോയോടും ഐവറി കോസ്റ്റിനോടും മികച്ച ജയം സ്വന്തമാക്കിയ ആത്മവിശ്വാസവും മുൻ ലോകചാമ്പ്യന്മാർക്കുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെന്ന നാണക്കേട് കൂടിയാണ് കിമ്മിച്ചും സംഘവും ഇത്തവണ തീർത്തത്.
