കാര്യവട്ടത്ത് കോലി - ഗിൽ കൊടുങ്കാറ്റ്; വിൻഡീസിനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ

  1. Home
  2. Sports

കാര്യവട്ടത്ത് കോലി - ഗിൽ കൊടുങ്കാറ്റ്; വിൻഡീസിനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ

kohli


കാര്യവട്ടത്ത് നടന്ന മത്സരത്തിൽ വിൻഡീസിനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 139 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയുടെയും 110 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ കോലിയുടെ 55-ാം സെഞ്ചുറിയാണിത്.

ഓപ്പണിംഗിൽ രോഹിത് ശർമ (32) പുറത്തായ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഗില്ലും കോലിയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. 96 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഗിൽ പുറത്തായെങ്കിലും തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്വാദിനെ സാക്ഷി നിർത്തി കോലി വിൻഡീസ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. കോലി 88 പന്തിൽ നിന്നാണ് 139 റൺസ് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ജസ്റ്റിൻ ഗ്രീവ്സിന്റെ (101) സെഞ്ചുറിയുടെയും ഓപ്പണർ ജോൺ കാംപ്ബെല്ലിന്റെയും (62) അമിർ ജാങ്കൂവിന്റെയും (58*) അർധസെഞ്ചുറികളുടെയും കരുത്തിലാണ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി.