പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ കൊല്‍ക്കത്തയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍

  1. Home
  2. Sports

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ കൊല്‍ക്കത്തയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍

ipl


ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് നേർക്കുനേർ. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഡൽഹിക്കും എട്ടാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്കും ടൂർണമെന്റിൽ പിടിച്ചുനിൽക്കാൻ ഇന്നത്തെ വിജയം അനിവാര്യമാണ്.

അവസാന മൂന്ന് മത്സരങ്ങളിൽ ലഖ്‌നൗ, ഹൈദരാബാദ്, രാജസ്ഥാൻ എന്നീ കരുത്തരെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത വരുന്നത്. എന്നാൽ ചെന്നൈയോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ഡൽഹി. സീസണിൽ ഇതുവരെ ഡൽഹി നാല് ജയങ്ങൾ നേടിയപ്പോൾ കൊൽക്കത്തയുടെ അക്കൗണ്ടിൽ മൂന്ന് വിജയങ്ങളാണുള്ളത്.

ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഡൽഹിയെ കുഴയ്ക്കുന്നത്. ഒരു മത്സരത്തിൽ കൂറ്റൻ സ്കോർ നേടുന്നവർ തൊട്ടടുത്ത കളിയിൽ തകർന്നടിയുന്ന കാഴ്ചയാണ് സീസണിൽ കണ്ടത്. എന്നാൽ കുൽദീപ് യാദവ്, അക്സർ പട്ടേൽ, മിച്ചൽ സ്റ്റാർക്ക് എന്നിവരടങ്ങുന്ന ബൗളിങ് നിര ഹോം ഗ്രൗണ്ടിൽ തിളങ്ങിയാൽ ഡൽഹിക്ക് വിജയം പ്രതീക്ഷിക്കാം. മറുഭാഗത്ത് ബൗളിങ് കരുത്തിലാണ് കൊൽക്കത്തയുടെ കുതിപ്പ്. ടൂർണമെന്റിന്റെ ആദ്യ പകുതിയിലെ തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് 'വിന്നിങ് ട്രാക്കിൽ' എത്തിയ കൊൽക്കത്തയ്ക്ക് ഇനിയുള്ള ഓരോ മത്സരവും നോക്കൗട്ട് പോലെ നിർണ്ണായകമാണ്.

ഇതുവരെ ഇരു ടീമുകളും 35 തവണ ഏറ്റുമുട്ടിയപ്പോൾ 19 ജയങ്ങളുമായി കൊൽക്കത്തയ്ക്കാണ് മുൻതൂക്കം. ഡൽഹി 15 മത്സരങ്ങളിൽ വിജയിച്ചു. ടോസ് നേടുന്നവർ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഡൽഹി സ്റ്റേഡിയത്തിൽ ഈ സീസണിൽ നടന്ന അഞ്ചിൽ നാല് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത് എന്നത് ചേസിങ് ടീമിന് മുൻതൂക്കം നൽകുന്നു.