ജയിക്കാനുറപ്പിച്ച് കൊൽക്കത്തയും ഹൈദരാബാദും; ഈഡൻ ഗാർഡൻസിൽ ഇന്ന് തീപാറും പോരാട്ടം

  1. Home
  2. Sports

ജയിക്കാനുറപ്പിച്ച് കൊൽക്കത്തയും ഹൈദരാബാദും; ഈഡൻ ഗാർഡൻസിൽ ഇന്ന് തീപാറും പോരാട്ടം

IPL


ഐപിഎൽ 2026-ൽ ഇന്ന് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ വരുന്നു. കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസിൽ രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.

രണ്ട് ടീമുകളെയും അലട്ടുന്ന പ്രധാന പ്രശ്നം ബൗളിങ് നിരയുടെ മോശം ഫോമാണ്. മുംബൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ കൊൽക്കത്തയുടെ കാർത്തിക് ത്യാഗി, വൈഭവ് അറോറ, ബ്ലസിങ് മുസരബാനി എന്നിവർക്ക് മികവ് കാട്ടാനായിരുന്നില്ല. 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കാമറൂൺ ഗ്രീൻ പന്തെറിയാൻ തയ്യാറാകാത്തതും കെകെആറിന് തിരിച്ചടിയാണ്. നിലവിൽ സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നീ സ്പിൻ ജോഡികളിലാണ് ടീമിന്റെ പ്രതീക്ഷ.

മറുഭാഗത്ത് സൺറൈസേഴ്‌സ് ഹൈദരാബാദും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജയദേവ് ഉനദ്കട്ട്, ഹർഷൽ പട്ടേൽ, ഡേവിഡ് പെയ്ൻ എന്നിവരുടെ ബൗളിങ്ങിൽ വൈവിധ്യങ്ങളില്ലാത്തത് എതിർ ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. ഇതിനിടെ പരിക്കേറ്റ് ബ്രയ്ഡൻ കർസ് പുറത്തായതും ഹൈദരാബാദിന് വലിയ ആഘാതമായിട്ടുണ്ട്.

ചരിത്രം പരിശോധിക്കുമ്പോൾ കൊൽക്കത്തയ്ക്കാണ് മേധാവിത്വം. ഇരു ടീമുകളും 30 തവണ ഏറ്റുമുട്ടിയപ്പോൾ 20 തവണയും വിജയം കൊൽക്കത്തയ്ക്കൊപ്പമായിരുന്നു. കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചിലും കെകെആർ ജയിച്ചു. എന്നാൽ, അവസാനമായി ഡൽഹിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ 278 റൺസ് എന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തതിന്റെ ആത്മവിശ്വാസം ഹൈദരാബാദിനുണ്ട്. ഈഡൻ ഗാർഡൻസിലെ ബാറ്റിങ് പിച്ചിൽ ഇന്ന് റൺമഴ പെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.