കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങി കുൽദീപ് യാദവ്; യോർക്ക്‌ഷൈറിനായി പന്തെറിയും

  1. Home
  2. Sports

കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങി കുൽദീപ് യാദവ്; യോർക്ക്‌ഷൈറിനായി പന്തെറിയും

kuldeep yadav


ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിൽ കൗണ്ടി ടീമായ യോർക്ക്‌ഷൈറിനായി കളിക്കാൻ കരാറൊപ്പിട്ട് ഇന്ത്യൻ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ്. 5 ഏകദിന മത്സരങ്ങളിലും 3 റെഡ് ബോൾ (കൗണ്ടി ചാമ്പ്യൻഷിപ്പ്) മത്സരങ്ങളിലും താരം യോർക്ക്ഷൈറിനായി കളത്തിലിറങ്ങും. കുൽദീപുമായുള്ള കരാർ ഔദ്യോഗിക വെബ്സൈറ്റിലൂടെ യോർക്ക്ഷൈർ സ്ഥിരീകരിച്ചു.

വരുന്ന വെള്ളിയാഴ്ച ഗ്ലമോർഗനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലാണ് യോർക്ക്ഷൈറിനായി കുൽദീപിന്റെ അരങ്ങേറ്റം. തനിക്ക് നൽകിയ അവസരത്തിന് നന്ദിയറിയിച്ച കുൽദീപ്, ഇംഗ്ലീഷ് സാഹചര്യങ്ങളിൽ പന്തെറിയുന്നതിലെ വെല്ലുവിളികൾ എപ്പോഴും ആസ്വദിക്കാറുണ്ടെന്ന് പ്രതികരിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള താരമായ കുൽദീപിന്റെ വരവ് ബോളിംഗ് നിരയ്ക്ക് വലിയ കരുത്തുപകരുമെന്നും കൗണ്ടി സീസണിന്റെ അവസാന ഘട്ടത്തിൽ സ്പിന്നറുടെ പങ്ക് നിർണ്ണായകമാവുമെന്നും യോർക്ക്ഷൈർ മാനേജർ ഗവിൻ ഹാമിൽ‌ട്ടൺ വ്യക്തമാക്കി.

ഇന്ത്യയ്ക്കായി 18 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 22 ശരാശരിയിൽ 79 വിക്കറ്റുകൾ കുൽദീപ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 194 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.