ചിരിയുണർത്തി ലാലേട്ടനും സഞ്ജുവും; കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ ഏറ്റെടുത്ത് ആരാധകർ
കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) പുതിയ സീസണിന് ആവേശമേകി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യണിലധികം കാഴ്ചക്കാരെ നേടി. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസാണ് വീഡിയോ സ്വന്തമാക്കിയത്.
സിനിമാ ചിത്രീകരണത്തിന് ശേഷം കാറിൽ കയറുന്ന മോഹൻലാൽ, ഡ്രൈവ് ചെയ്യുന്നത് സഞ്ജു സാംസണാണെന്ന് അറിയാതെ സംസാരിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുന്ന ലാലേട്ടനോട് 'ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?' എന്ന് സഞ്ജു ചോദിക്കുന്നതും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ക്യാപ്റ്റൻസിയെക്കുറിച്ച് മോഹൻലാൽ പറയുന്നതുമെല്ലാം ആരാധകരെ രസിപ്പിക്കുന്നു. സഞ്ജുവിനെ രാജസ്ഥാനിൽ നിന്ന് ചെന്നൈ ടീമിലേക്ക് താനാണ് കൊണ്ടുവന്നതെന്ന് ലാലേട്ടൻ അവകാശപ്പെടുന്നതും, ഒടുവിൽ ഡ്രൈവിംഗ് സീറ്റിൽ സഞ്ജുവാണെന്ന് തിരിച്ചറിഞ്ഞ് അമ്പരക്കുന്നതുമാണ് രസകരമായ പ്രൊമോ.
ക്യാമറയ്ക്ക് മുന്നിലെ സഞ്ജുവിന്റെ സ്വാഭാവിക അഭിനയവും മോഹൻലാലിന്റെ മികച്ച കോമഡി ടൈമിംഗും വിഡിയോയെ വേറിട്ടതാക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ഈ പ്രൊമോ സിനിമാ-ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
