ലമീൻ യമാലിന് 'ഗോൾ' റെക്കോർഡ്; എംബാപ്പെയെ മറികടന്നു
യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതിയ ചരിത്രം കുറിച്ച് ബാഴ്സലോണയുടെ സ്പാനിഷ് കൗമാര താരം ലമീൻ യമാൽ. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 20 വയസ്സിന് താഴെയുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡാണ് ലമീൻ യമാൽ സ്വന്തമാക്കിയത്. ഫ്രഞ്ച് നായകനും റയൽ മാഡ്രിഡ് സൂപ്പർ താരവുമായ കിലിയൻ എംബാപ്പെയുടെ നേട്ടമാണ് ലമീൻ തിരുത്തിക്കുറിച്ചത്.
ആസ്റ്റൺ വില്ലയ്ക്കെതിരായ പോരാട്ടത്തിൽ ബാഴ്സലോണ 3-0ത്തിന് വിജയിച്ച മത്സരത്തിലാണ് യമാൽ ഈ അപൂർവ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ യമാലിന്റെ ഗോൾ സമ്പാദ്യം 14 ആയി ഉയർന്നു. 13 ഗോളുകൾ നേടിയിരുന്ന എംബാപ്പെയെയാണ് യമാൽ മറികടന്നത്. എംബാപ്പെ 23 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയപ്പോൾ ലമീൻ യമാൽ 37 മത്സരങ്ങളിൽ നിന്നാണ് 14 ഗോളുകൾ തികച്ചത്.
16 വയസ്സും 83 ദിവസവും പ്രായമുള്ളപ്പോഴാണ് ലമീൻ യമാൽ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഒരേ മത്സരത്തിൽ ഗോളും അസിസ്റ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സെമി ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകളും നേരത്തെ യമാലിന്റെ പേരിലുണ്ട്. ഈ സീസണിൽ മികച്ച ഫോമിലുള്ള താരം ഇതുവരെ 13 ഗോളുകളും 11 അസിസ്റ്റുകളും ബാഴ്സലോണയ്ക്കായി നേടിയിട്ടുണ്ട്.
