ഇംഗ്ലീഷ് ഇതിഹാസ ഫുട്ബോൾ താരം കെവിൻ കീഗൻ അന്തരിച്ചു

  1. Home
  2. Sports

ഇംഗ്ലീഷ് ഇതിഹാസ ഫുട്ബോൾ താരം കെവിൻ കീഗൻ അന്തരിച്ചു

kevin keegan


ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫുട്ബോൾ താരവും മുൻ ദേശീയ ടീം പരിശീലകനുമായ കെവിൻ കീഗൻ (75) അന്തരിച്ചു. രണ്ട് തവണ ലോകത്തിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ അദ്ദേഹം അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളാണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളിൽ ഒരാളായ കീഗൻ, 1970കളിൽ തന്റെ കളിക്കളത്തിലെ ജനപ്രിയത കൊണ്ട് കായികലോകത്തിന് അപ്പുറത്തേക്ക് വളർന്ന താരമായിരുന്നു. കളിക്കളത്തിൽ അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും തിളങ്ങിയ അദ്ദേഹം ഇംഗ്ലണ്ട് ദേശീയ ടീം, ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവയുടെ സർവ്വകാല ഇതിഹാസമായാണ് അറിയപ്പെടുന്നത്.

ഇംഗ്ലണ്ടിനായി 63 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ കീഗൻ, 31 മത്സരങ്ങളിൽ ടീമിനെ നയിക്കുകയും ചെയ്തു. ക്ലബ്ബ് തലത്തിൽ ലിവർപൂൾ, ജർമ്മൻ ക്ലബ്ബ് ഹാംബർഗർ എസ്.വി, ന്യൂകാസിൽ യുണൈറ്റഡ്, സതാംപ്ടൺ, സ്‌കാന്തോർപ് യുണൈറ്റഡ്, ബ്ലാക്ക് ടൗൺ സിറ്റി എന്നിവർക്കായി ബൂട്ടണിഞ്ഞ അദ്ദേഹം ആകെ 744 മത്സരങ്ങളിൽ നിന്ന് 254 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. ലിവർപൂളിനായി കളിച്ച 323 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടി. ക്ലബ്ബിനൊപ്പം മൂന്ന് തവണ ഫസ്റ്റ് ഡിവിഷൻ കിരീടവും, എഫ്.എ കപ്പ്, യൂറോപ്യൻ കപ്പ്, യുവേഫ കപ്പ് എന്നിവയും നേടി. പിന്നീട് ഹാംബർഗിനൊപ്പം ജർമ്മൻ ബുണ്ടസ് ലിഗ കിരീടവും സ്വന്തമാക്കി. 1978, 1979 വർഷങ്ങളിലായിരുന്നു അദ്ദേഹത്തെ തേടി ബാല്ലൺ ഡി ഓർ പുരസ്കാരമെത്തിയത്. കളിക്കളത്തിലെ വേഗവും ഡ്രിബ്ലിങ് മികവും അസാധാരണമായ ഫിനിഷിങ്ങുമായിരുന്നു കീഗന്റെ പ്രധാന സവിശേഷതകൾ.

വിരമിക്കലിനു ശേഷം പരിശീലകനായി മാറിയ അദ്ദേഹം ഇംഗ്ലണ്ട് ദേശീയ ടീമിനെയും മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം എന്നീ ക്ലബ്ബുകളെയും പരിശീലിപ്പിച്ചു. ന്യൂകാസിലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 18 മത്സരങ്ങളിലാണ് അദ്ദേഹം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞത്.