ഈ സീസണോടെ ബാഴ്‌സലോണയോട് വിടപറഞ്ഞ് ലെവൻഡോവ്‌സ്‌കി; ഞായറാഴ്ച ക്യാമ്പ് നൗവിൽ അവസാന മത്സരം
ഈ സീസൺ അവസാനിക്കുന്നതോടെ സ്പാനിഷ് ക്ലബായ ബാഴ്‌സലോണ വിടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് പോളിഷ് സൂപ്പർ സ്‌ട്രൈക്കർ റോബെർട് ലെവൻഡോവ്‌സ്‌കി. തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വിഡിയോ പങ്കുവെച്ചാണ് താരം വികാരനിർഭരമായ ഈ പ്രഖ്യാപനം നടത്തിയത്. വെല്ലുവിളികളും കഠിനാധ്വാനവും നിറഞ്ഞ നാല് വർഷത്തെ വിജയകരമായ യാത്രയ്ക്ക് ശേഷമാണ് താൻ ബാഴ്‌സയിൽ നിന്നും മടങ്ങുന്നതെന്ന് വെറ്ററൻ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു കളിക്കാരനെന്ന നിലയിൽ തന്റെ ദൗത്യം പൂർത്തിയാക്കിയ സംതൃപ്തിയിലാണ് മടങ്ങുന്നതെന്നും ലെവൻഡോവ്‌സ്‌കി അഭിപ്രായപ്പെട്ടു. ഞായറാഴ്ച റയൽ ബെറ്റീസിനെതിരെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടക്കുന്ന മത്സരത്തിലാകും ലെവൻ ബാഴ്‌സ ജേഴ്‌സിയിൽ അവസാനമായി കളത്തിലിറങ്ങുക.
'ഒരു നക്ഷത്രമായി വന്നു, ഇതിഹാസമായി മടങ്ങുന്നു' എന്നാണ് ലെവൻഡോവ്‌സ്‌കിയുടെ വിടപറച്ചിലിനോട് പ്രതികരിച്ച് ബാഴ്‌സലോണ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചത്. കനത്ത സാമ്പത്തിക പ്രതിസന്ധിയും മോശം ഫോമും കാരണം ക്ലബ് വലിയ തിരിച്ചടി നേരിട്ട സമയത്താണ് ഈ വെറ്ററൻ സ്‌ട്രൈക്കർ ടീമുമായി കരാറിലെത്തിയത്. 2022-ൽ ജർമ്മൻ ക്ലബായ ബയേൺ മ്യൂണിക്കിൽ നിന്നെത്തിയ ലെവൻഡോവ്‌സ്‌കി അതിവേഗം ബാഴ്‌സലോണയുടെ വിശ്വസ്തനായ ഗോൾമെഷീനായി മാറുകയായിരുന്നു. റയൽ മാഡ്രിഡിനെതിരായ പ്രശസ്തമായ എൽക്ലാസികോ മത്സരങ്ങളിലടക്കം ക്ലബിനായി താരം നിരവധി നിർണായക ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ബാഴ്‌സയിലെത്തിയ ആദ്യ സീസണിൽ തന്നെ ലാലിഗയിലെ ടോപ് ഗോൾ സ്‌കോറർക്കുള്ള പിചിച്ചി പുരസ്കാരം സ്വന്തമാക്കിയ താരം, ഈ സീസണിലും ഇതുവരെ 18 ഗോളുകൾ അടിച്ചുകൂട്ടി തകർപ്പൻ ഫോമിലാണ്. മുപ്പത്തിയേഴാം വയസ്സിലും യൂറോപ്യൻ ഫുട്ബോളിൽ മിന്നും പ്രകടനം നടത്തുന്ന ലെവൻഡോവ്‌സ്‌കിയെ സ്വന്തമാക്കാനായി പ്രമുഖ സൗദി അറേബ്യൻ ക്ലബുകൾ രംഗത്തുണ്ട്. ഇതിനൊപ്പം അമേരിക്കൻ ലീഗായ എം.എൽ.എസിൽ (MLS) നിന്നും താരത്തെ തേടി വലിയ ഓഫറുകളെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ബാഴ്‌സ വിട്ടതിനു ശേഷം കരിയറിലെ അടുത്ത ലക്ഷ്യസ്ഥാനം എങ്ങോട്ടാണെന്ന കാര്യത്തിൽ താരം ഇതുവരെ അന്തിമ സ്ഥിരീകരണം നൽകിയിട്ടില്ല.
