യോഗ്യതാ മത്സരത്തിൽ തോറ്റു; വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് മോഹങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി

  1. Home
  2. Sports

യോഗ്യതാ മത്സരത്തിൽ തോറ്റു; വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് മോഹങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി

vinesh phogat


വരാനിരിക്കുന്ന 2026-ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഗുസ്തി ടീമിന്റെ യോഗ്യതാ മത്സരത്തിൽ (Selection Trials) പ്രമുഖ താരം വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു. വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമി ഫൈനലിൽ ഹരിയാണയുടെ മീനാക്ഷി ഗോയറ്റിനോടാണ് വിനേഷ് തോറ്റത്. ആവേശം നിറഞ്ഞ പോരാട്ടത്തിൽ 4-6 എന്ന സ്‌കോറിനായിരുന്നു വിനേഷിന്റെ പരാജയം. ഇതോടെ താരത്തിന് ഏഷ്യൻ ഗെയിംസിലേക്ക് യോഗ്യത നേടാനായില്ല.

മത്സരത്തിന് മുൻപ് വിനേഷിന്റെ ഭാരത്തെച്ചൊല്ലി വലിയ നാടകീയ സംഭവങ്ങളാണ് ട്രയൽസ് വേദിയിൽ നടന്നത്. വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിപ്പിക്കൂ എന്ന് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) ആദ്യം നിലപാടെടുത്തിരുന്നു. എന്നാൽ കോടതി ഇടപെടലുകളെത്തുടർന്ന് ഒടുവിൽ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ വിനേഷിന് അനുമതി ലഭിക്കുകയായിരുന്നു.

സെമിക്ക് മുൻപ് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിലും വലിയ തർക്കങ്ങൾ ഉണ്ടായി. ഹരിയാണയുടെ നിഷു കുമാരിക്കെതിരെ ആദ്യം പിന്നിലായിരുന്ന വിനേഷ്, പിന്നീട് 6-6 എന്ന സ്‌കോറിൽ മത്സരം സമനിലയിലാക്കി. സ്കോർ ബോർഡിലെ സാങ്കേതിക തടസ്സങ്ങൾക്കൊടുവിൽ കൂടുതൽ പോയിന്റിന്റെ ആനുകൂല്യത്തിൽ വിനേഷിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിഷു വിനേഷിന് ഹസ്തദാനം നൽകാൻ പോലും വിസമ്മതിച്ചിരുന്നു.

എന്നാൽ തൊട്ടുപിന്നാലെ നടന്ന സെമി ഫൈനലിൽ മീനാക്ഷിയോട് പരാജയപ്പെട്ടതോടെ വിനേഷിന്റെ ഏഷ്യൻ ഗെയിംസ് മോഹങ്ങൾക്ക് വിരാമമാവുകയായിരുന്നു.