കുറഞ്ഞ ഓവർ നിരക്ക്: പാകിസ്താന് മാച്ച് ഫീയുടെ 50% പിഴ; 11 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റും നഷ്ടമായി
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ടീമിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി ഐ.സി.സി. ഇതിനുപുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിന്ന് ടീമിന്റെ 11 പോയിന്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ അനുവദിച്ച സമയ ഇളവുകൾക്ക് ശേഷവും പാകിസ്താൻ 11 ഓവറുകൾ പിന്നിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐ.സി.സി മാച്ച് റഫറി രഞ്ജൻ മഡുഗല്ലയുടെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുത്തത്.
പോയിന്റ് വെട്ടിക്കുറച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ പാകിസ്താൻ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ 4.63 പോയിന്റ് ശതമാനവുമായി ഒമ്പതാം സ്ഥാനത്താണ് ടീം. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ പാകിസ്താൻ വൈറ്റ്വാഷ് നേരിട്ടിരുന്നു. ലീഡ്‌സിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 103 റൺസിനും ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ 194 റൺസിനും തോറ്റ പാകിസ്താൻ എഡ്ജ്ബാസ്റ്റണിൽ നടന്ന അവസാന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് അടിയറവ് പറഞ്ഞത്.
