ഇന്ത്യൻ ടി20 ടീമിൽ വൻ അഴിച്ചുപണി; സൂര്യകുമാറിന് നായകസ്ഥാനം നഷ്ടമായേക്കും, പകരം ശ്രേയസ് അയ്യർ

  1. Home
  2. Sports

ഇന്ത്യൻ ടി20 ടീമിൽ വൻ അഴിച്ചുപണി; സൂര്യകുമാറിന് നായകസ്ഥാനം നഷ്ടമായേക്കും, പകരം ശ്രേയസ് അയ്യർ

SURYAKUMAR YADAV


ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായി സൂചന. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിലെ മോശം ഫോമും തുടർച്ചയായ പരിക്കുകളുമാണ് സൂര്യകുമാറിന് തിരിച്ചടിയാകുന്നത്. പകരം ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ തകർപ്പൻ പ്രകടനത്തോടെ നയിക്കുന്ന ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക് എത്തിയേക്കും.

രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം സൂര്യകുമാറിന് കീഴിൽ ഇന്ത്യ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. ഏഷ്യാ കപ്പും ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയെങ്കിലും സൂര്യയുടെ വ്യക്തിഗത ഫോം സെലക്ടർമാരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി 10 മത്സരങ്ങളിൽ നിന്ന് വെറും 195 റൺസ് മാത്രമാണ് സൂര്യ നേടിയത്. ലോകകപ്പിൽ കിരീടം നേടിയെങ്കിലും വലിയ ടീമുകൾക്കെതിരെയുള്ള സമ്മർദ്ദ ഘട്ടങ്ങളിൽ താരം പരാജയപ്പെട്ടത് സെലക്ടർമാർക്കിടയിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്.

മറുഭാഗത്ത്, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ശ്രേയസ് അയ്യർ മിന്നും ഫോമിലാണ്. പഞ്ചാബ് കിംഗ്‌സിനായി നയിച്ച ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും ടീമിനെ ജയിപ്പിക്കാൻ ശ്രേയസിന് സാധിച്ചു. 9 ഇന്നിംഗ്‌സുകളിൽ നിന്ന് 333 റൺസുമായി ബാറ്റിംഗിലും അദ്ദേഹം കരുത്ത് തെളിയിച്ചു. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി, ഐപിഎല്ലിന് ശേഷമുള്ള അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾ മുതൽ ശ്രേയസിനെ നായകസ്ഥാനം ഏൽപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.