വീണ്ടും മലയാളി തിളക്കം; ഇന്ത്യന്‍ വനിത ഏകദിന ടീമിലെത്താൻ ജിന്‍സിയും നജ്‌ലയും
മിന്നു മണി, ആശ ശോഭന, സജന സജീവൻ. ട്വൻ്റി 20 ആയാലും ഏകദിനമായാലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളികളായി ഇനിയാര് എന്ന് ചോദിച്ചാൽ ഉത്തരമുണ്ട്. ജിൻസി ജോർജും സി.എം.സി. നജ്ലയും ലക്ഷ്യത്തിന് അടുത്തെത്തിക്കഴിഞ്ഞു.ഇനി ഫോം ,ഭാഗ്യം ഒക്കെ നിർണായകം.
ഞായറാഴ്ച ചെന്നെയില്‍ തുടങ്ങുന്ന ചാലഞ്ചര്‍ ട്രോഫി വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇരുവർക്കും നിര്‍ണ്ണായകമാണ്. ഇന്ത്യ ‘ബി’ ടീമില്‍ കളിക്കുന്ന ജിന്‍സി ജോര്‍ജിനും ടീം ‘സി’ യില്‍ കളിക്കുന്ന സി.എം.സി. നജ്‌ലയ്ക്കും. (അഞ്ചു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെൻ്റില്‍ കേരളത്തിനു കളിക്കുന്ന ഇതര സംസ്ഥാന താരം അരുന്ധതി റെഡ്ഡി ‘എ’ ടീമിലുണ്ട്.)
ദേശീയ ഏകദിന വനിതാ ക്രിക്കറ്റില്‍ മധ്യപ്രദേശിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച ഓപ്പണിങ്ങ് ബാറ്റര്‍ ആണ് കൊല്ലം സ്വദേശിനി ജിന്‍സി ജോർജ് .രണ്ടു സെഞ്ചുറി(188, 109) ഉള്‍പ്പെടെ ഒന്‍പത് ഇന്നിംഗ്‌സില്‍ നിന്ന് 454 റണ്‍സ് നേടി ജിൻസി ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത്തെ മികച്ച റൺ നേട്ടക്കാരിയായി.(ഷെഫലി വര്‍മ 527 റണ്‍സുമായി ഒന്നാമത് നിൽക്കുന്നു). യഥാർഥത്തിൽ ജിന്‍സിക്ക് ഇതൊരു തിരിച്ചുവരവാണ്. 2019-20 ല്‍ തായ്ലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ക്വാഡ്രാങ്കുലറില്‍ ഇന്ത്യ ‘എ’ യ്ക്കു കളിച്ച ശേഷം ആദ്യമായാണ് ജിന്‍സി ദേശീയ തലത്തിൽ ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. അണ്ടര്‍ 16 തലം മുതല്‍ 17 വര്‍ഷം കേരളത്തിനു കളിച്ചശേഷമാണ് ജിന്‍സി മധ്യപ്രദേശിന്റെ അതിഥിതാരമായത്. ഈ മാറ്റം ഗുണം ചെയ്തു. മധ്യപ്രദേശ് ആദ്യമായി സീനിയര്‍(വനിതാ) തലത്തില്‍ ക്രിക്കറ്റ് കിരീടം ചൂടി. നേരത്തെ അവര്‍ അണ്ടര്‍ 23, അണ്ടര്‍ 19 വിഭാഗങ്ങളിലൊക്കെ മികവു കാട്ടിയിരുന്നു. ട്വൻറി 20 ടൂര്‍ണ്ണമെന്റ്‌ലും മധ്യപ്രദേശ് നിരയില്‍ തിളങ്ങാന്‍ ജിന്‍സിക്കു സാധിച്ചു.
ബംഗാളിനെതിരെ നടന്ന കലാശപ്പോരാട്ടം ലിസ്റ്റ് എ വിഭാഗത്തില്‍ ജിന്‍സിയുടെ നൂറാം മത്സരമായിരുന്നു. ആ മത്സരത്തിൽ തിളങ്ങാനായില്ല. പക്ഷേ, ജിൻസിയുടെ ബാറ്റിങ് മികവാണ് മധ്യപ്രദേശിനെ ഫൈനലിൽ എത്തിച്ചത്. മുപ്പത്തിരണ്ടുകാരിയായ ജിന്‍സിയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ടീമിലെത്താനുള്ള സുവര്‍ണ്ണാവസരമാണിത്. ചാലഞ്ചേഴ്‌സ് കപ്പില്‍ കൂടി മികവുകാട്ടിയാല്‍ ഈ ബാറ്ററെ ദേശീയ സെലക്sർമാർക്ക് തഴയാനാവില്ല. ചെന്നൈയിൽ സൗത്ത് സോണ്‍ അക്കാദമിയല്‍ പരിശീലനം നടത്തുന്ന ജിന്‍സിക്ക് ചെന്നൈ മത്സരവേദിയാകുന്നത് ആത്മ വിശ്വാസം നല്‍കണം