വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആൻസി സോജൻ; 200 മീറ്ററിൽ ഹരിത ഭദ്രയ്ക്ക് വെങ്കലം
ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് നേരിയ വ്യത്യാസത്തിൽ സ്വർണം നഷ്ടമായി. അവസാന ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്തിയ ചൈനീസ് താരത്തോട് പരാജയപ്പെട്ട ആൻസി, തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടി.
ഒന്നാം ശ്രമത്തിൽ 6.49 മീറ്ററും അഞ്ചാം ശ്രമത്തിൽ 6.53 മീറ്ററും താണ്ടി ആൻസി മുന്നിലായിരുന്നെങ്കിലും, ആറാം ശ്രമത്തിൽ 6.55 മീറ്റർ ദൂരം ചാടിയ ചൈനയുടെ ഹ്വങ് യിങ്‌യിങ് സ്വർണം സ്വന്തമാക്കുകയായിരുന്നു.
അതിനിടെ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഹരിത ഭദ്ര വെങ്കല മെഡൽ നേടി. 23.20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹരിത മൂന്നാം സ്ഥാനം ഉറപ്പിച്ചത്. സിങ്കപ്പൂരിന്റെ ശാന്തി പെരേര ഈ ഇനത്തിൽ സ്വർണവും ചൈനയുടെ ചെൻ യുജി വെള്ളിയും സ്വന്തമാക്കി. ഈ രണ്ട് മെഡൽ നേട്ടങ്ങളോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ എണ്ണം 34 ആയി ഉയർന്നു. നാല് സ്വർണവും 15 വെള്ളിയും 15 വെങ്കലവുമാണ് നിലവിൽ ഇന്ത്യയുടെ സമ്പാദ്യം.
