എൻസോ ഫെർണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
എൻസോ ഫെർണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ചെൽസിയിൽ നിന്ന് താരത്തെ സ്വന്തമാക്കാൻ 125 ദശലക്ഷം പൗണ്ടാണ് സിറ്റി മുടക്കിയത്. കഴിഞ്ഞ സീസണിൽ അലക്സാണ്ടർ ഇസാക്കിനെ ലിവർപൂൾ സ്വന്തമാക്കിയതും ഇതേ തുകയ്ക്കായിരുന്നു.
എൻസോയുടെ വരവോടെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സിറ്റിയുടെ ആകെ ചെലവ് 458 ദശലക്ഷം പൗണ്ടായി. താരങ്ങളെ വിറ്റതിലൂടെ ഏകദേശം 300 ദശലക്ഷം പൗണ്ട് തിരിച്ചുപിടിക്കാനും ക്ലബ്ബിനായിട്ടുണ്ട്.
2023ൽ ബെൻഫിക്കയിൽ നിന്ന് 107 ദശലക്ഷം പൗണ്ടിനാണ് എൻസോ ചെൽസിയിലെത്തിയത്. എന്നാൽ ക്ലബ് വിടാൻ താരം താൽപര്യം പ്രകടിപ്പിച്ചതോടെ ചെൽസിയിലെ അദ്ദേഹത്തിന്റെ കരിയറിന് വിരാമമാകുകയായിരുന്നു. റയൽ മാഡ്രിഡിലേക്ക് ചേക്കേറാനായിരുന്നു എൻസോയുടെ ആഗ്രഹമെങ്കിലും സ്പാനിഷ് വമ്പന്മാർ താരത്തിനായി ഓഫർ സമർപ്പിക്കാൻ തയ്യാറായില്ല.റിയല്‍ സോസിഡാഡിനെതിരെയുള്ള സൗഹൃദ മത്സരത്തിലും ഫുള്‍ഹാമിനെതിരെയുള്ള പ്രീമിയര്‍ ലീഗ് ഓപ്പണറിലും ചെല്‍സി ആരാധകരുടെ കൂവലുകള്‍ക്ക് എന്‍സോയ്ക്ക് ഇരയാകേണ്ടി വന്നിരുന്നു.
