മെസ്സിക്ക് ഹാട്രിക്, റെക്കോർഡ് നേട്ടം; അൾജീരിയയെ തകർത്ത് അർജന്റീനയ്ക്ക് വൻ ജയം
ലയണൽ മെസ്സിയുടെ തകർപ്പൻ ഹാട്രിക് മികവിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വിജയത്തുടക്കം. ഈ മത്സരത്തിലെ മൂന്ന് ഗോളുകളോടെ ലോകകപ്പിൽ ആകെ 16 ഗോളുകൾ തികച്ച അർജന്റൈൻ നായകൻ, ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനായ ജർമ്മനിയുടെ മിറാസ്‌ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തി. കൂടാതെ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന താരമെന്ന റെക്കോർഡിനും (17 ജയങ്ങൾ) മെസ്സി ഒപ്പമെത്തി.
കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ അർജന്റീനയുടെ കടുത്ത ആധിപത്യമാണ് പ്രകടമായത്. ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഇരു ടീമുകളും വലകുലുക്കിയെങ്കിലും രണ്ടും ഓഫ്‌സൈഡ് വിളിക്കപ്പെടുകയായിരുന്നു. എന്നാൽ, 17-ാം മിനിറ്റിൽ ബോക്സിന് പുറത്ത് 20 വാര അകലെ നിന്ന് മെസ്സി തൊടുത്ത മനോഹരമായ ഷോട്ട് അൾജീരിയൻ കീപ്പർ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി വലയിലെത്തി.
രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ മെസ്സി അർജന്റീനയുടെ ലീഡുയർത്തി. ബോക്‌സിന് പുറത്തുനിന്ന് അലക്‌സിസ് മക്കാലിസ്റ്റർ തൊടുത്ത ഷോട്ട് അൾജീരിയൻ കീപ്പർ തട്ടിയകറ്റിയെങ്കിലും ഓടിയെത്തിയ മെസ്സി പന്ത് വലയിലാക്കുകയായിരുന്നു. പിന്നാലെ 76-ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്നുള്ള മറ്റൊരു ക്ലോസ് ഷോട്ടിലൂടെ മെസ്സി തന്റെ ഹാട്രിക്കും അർജന്റീനയുടെ മൂന്നാം ഗോളും പൂർത്തിയാക്കി ചരിത്ര റെക്കോർഡിനൊപ്പമെത്തി.
ജൂൺ 22-ന് ഓസ്ട്രിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. ജോർദാനാണ് അൾജീരിയയുടെ അടുത്ത എതിരാളികൾ.
