ജോർദാനെ വീഴ്ത്തി മൊറോക്കോ വീണ്ടും അറബ് രാജാക്കന്മാർ; ആവേശം ലുസൈലിൽ എക്സ്ട്രാ ടൈം വരെ
ലുസൈൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി നടന്ന ഫിഫ അറബ് കപ്പ് ഫൈനലിൽ ജോർദാനെ തകർത്ത് മൊറോക്കോ കിരീടം ചൂടി. ആവേശം എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മൊറോക്കോയുടെ വിജയം. ഇത് രണ്ടാം തവണയാണ് മൊറോക്കോ അറബ് കപ്പിൽ മുത്തമിടുന്നത്; ഇതിനുമുമ്പ് 2012ലായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മൊറോക്കോ ആധിപത്യം സ്ഥാപിച്ചു. നാലാം മിനിറ്റിൽ അമീൻ സഹസൂ നൽകിയ പാസിൽ നിന്ന് ഉസാമ തന്നാനെയാണ് മൊറോക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മൊറോക്കോ കളം വിട്ടെങ്കിലും രണ്ടാം പകുതിയിൽ ജോർദാൻ ശക്തമായി തിരിച്ചടിച്ചു. 48-ാം മിനിറ്റിൽ അലി ഒൽവാൻ ജോർദാനായി സമനില ഗോൾ കണ്ടെത്തി. തുടർന്ന് 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി അലി ഒൽവാൻ തന്നെ ജോർദാന് ലീഡ് സമ്മാനിച്ചു.
ജോർദാൻ കിരീടത്തിലേക്കെന്ന് തോന്നിച്ച നിമിഷം, കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ (88-ാം മിനിറ്റ്) അബ്ദുറസാഖ് ഹമദല്ലയിലൂടെ മൊറോക്കോ സമനില പിടിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ മർവാൻ സഅദിന്റെ അസിസ്റ്റിൽ അബ്ദുറസാഖ് ഹമദല്ല തന്നെ മൊറോക്കോയുടെ വിജയഗോളും തന്റെ രണ്ടാം ഗോളും നേടി ടീമിനെ കിരീടത്തിലേക്ക് നയിച്ചു. ലുസൈലിലെ മഴയും ഗാലറിയിലെ ആരവങ്ങളും ഫൈനലിന് ആവേശം കൂട്ടി.
