മൊറോക്കോയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ച കോച്ച് റെഗ്‌രഗുയി സ്ഥാനം രാജിവച്ചു
ലോകകപ്പിനു 3 മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൊറോക്കോ ദേശീയ ഫുട്‌ബോള്‍ ടീമിനു വന്‍ തിരിച്ചടി. അവരെ കഴിഞ്ഞ ലോകകപ്പിന്റെ സെമി വരെ എത്തിച്ച് ചരിത്ര നേട്ടത്തിലേക്ക് തന്ത്രങ്ങളിലൂടെ വഴിയൊരുക്കിയ പരിശീലകന്‍ വാലിദ് റെഗ്‌രഗുയി സ്ഥാനം രാജിവച്ചു.
മൊറോക്കോ അണ്ടര്‍ 20 ടീമിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച മുഹമ്മദ് ഔഹാബിയാണ് പുതിയ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 49കാരനായ ഔഹാബി ഇതാദ്യമായാണ് ഒരു സീനിയര്‍ ടീമിന്റെ കോച്ചായി സ്ഥാനമേല്‍ക്കുന്നത്. നിലവില്‍ മൊറോക്കോ അണ്ടര്‍ 23 ടീം പരിശീലക സ്ഥാനത്തു നിന്നാണ് ഔഹാബി വരുന്നത്. നേരത്തെ ബെല്‍ജിയം ക്ലബ് ആന്റര്‍ലറ്റിന്റെ യൂത്ത് ടീമിനേയും മുഹമ്മദ് ഔഹാബി പരിശീലിപ്പിച്ചിട്ടുണ്ട്.
2022ലെ ഫിഫ ലോകകപ്പ് പോരാട്ടത്തിലാണ് മൊറോക്കോ ടീം ചരിത്രമെഴുതിയത്. ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ സെമിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ ആഫ്രിക്കന്‍, അറബ് രാജ്യമെന്ന നേട്ടം മൊറോക്കോ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സ്വന്തം നാട്ടില്‍ അരങ്ങേറിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ ടീമിനെ പ്രകടനം വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കി. സ്വന്തം നാട്ടിലെ പോരില്‍ ഫൈനല്‍ വരെ എത്താന്‍ ടീമിനു സാധിച്ചെങ്കിലും വിവാദമായി മാറിയ കലാശപ്പോരില്‍ സെനഗലിനോട് പരാജയപ്പെട്ട് ടീം കിരീടം കൈവിട്ടു. ഇതാണ് സ്ഥാനമൊഴിയാന്‍ പരിശീലകനെ പ്രേരിപ്പിച്ചത്.
