ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ നേടിയ വനിതാ ക്യാപ്റ്റൻ; മെഗ് ലാന്നിങ്ങിനെ മറികടന്ന് ഹർമൻപ്രീത് കൗർ
വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ വിജയം നേടിയതോടെയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം മെഗ് ലാന്നിങ്ങിനെ ഹർമൻ മറികടന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം.
130 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ച ഹർമൻപ്രീതിന്റെ 77-ാം വിജയമാണിത്. 100 മത്സരങ്ങളിൽ നിന്ന് 76 വിജയങ്ങൾ നേടിയ മെഗ് ലാന്നിങ്ങിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. വിജയങ്ങളുടെ എണ്ണത്തിൽ ഹർമൻ മുന്നിലെത്തിയെങ്കിലും വിജയശതമാനത്തിൽ ലാന്നിങ്ങാണ് ഇപ്പോഴും മുൻപന്തിയിൽ. ലങ്കയ്‌ക്കെതിരായ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി.
ഗ്രീൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ ലക്ഷ്യം കണ്ടു. 42 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതം 79 റൺസെടുത്ത ഓപ്പണർ ഷെഫാലി വർമ്മയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. മത്സരമവസാനിക്കുമ്പോൾ 21 റൺസുമായി ഹർമൻപ്രീത് കൗർ ഷെഫാലിക്കൊപ്പം ക്രീസിലുണ്ടായിരുന്നു.
