ഐപിഎല്ലിനോട് വിടപറഞ്ഞ് ധോണി; ഇനി ചെന്നൈയുടെ ടീം മെന്റർ
ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി 2027 സീസൺ മുതൽ ധോണി ചുമതലയേൽക്കും. ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് പുതിയ ഉത്തരവാദിത്വം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതോടെ 18 സീസണുകളിലായി നീണ്ടുനിന്ന ധോണിയുടെ ഐപിഎൽ കളിജീവിതത്തിനാണ് അവസാനമാകുന്നത്. എന്നാൽ, ചെന്നൈയുമായുള്ള ബന്ധം പുതിയ റോളിൽ തുടരും.
ധോണിയുടെ പുതിയ ചുമതലയെക്കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ വികാരനിർഭരമായാണ് പ്രതികരിച്ചത്. ധോണിയില്ലാത്തൊരു ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിനടുത്തായി വിജയങ്ങളിലും തിരിച്ചടികളിലും ഒരുമിച്ച് മുന്നേറിയവരാണ് തങ്ങളെന്നും ടീമിന്റെ വ്യക്തിത്വത്തിൽ ധോണിക്ക് എന്നും നിർണായക സ്ഥാനമുണ്ടാകുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
പരസ്പര വിശ്വാസമാണ് തങ്ങളുടെ ബന്ധത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പരമുള്ള ഉദ്ദേശ്യങ്ങളെ ഒരിക്കലും ചോദ്യം ചെയ്യേണ്ടിവന്നിട്ടില്ലെന്നും ആ വിശ്വാസമാണ് ദീർഘകാല ബന്ധത്തിന് അടിത്തറയായതെന്നും ശ്രീനിവാസൻ പറഞ്ഞു.
2008ലെ പ്രഥമ ഐപിഎൽ താരലേലത്തിൽ ധോണിയെ ചെന്നൈ ടീമിലെത്തിക്കാൻ താൻ നിർബന്ധം പിടിച്ചിരുന്നുവെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അതെന്നും ധോണിയുടെ ക്രിക്കറ്റ് നേട്ടങ്ങൾക്കപ്പുറം അദ്ദേഹത്തിന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളുമാണ് ആ തീരുമാനത്തെ കൂടുതൽ സവിശേഷമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2008ൽ പ്രഥമ ഐപിഎൽ സീസൺ മുതൽ ചെന്നൈയുടെ ഭാഗമായിരുന്ന ധോണി, ടീമിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. 2010, 2011, 2018, 2021, 2023 വർഷങ്ങളിലായിരുന്നു ചെന്നൈയുടെ കിരീടനേട്ടങ്ങൾ. 2016, 2017 സീസണുകളിൽ ചെന്നൈയ്ക്ക് വിലക്കുണ്ടായിരുന്നപ്പോൾ റൈസിങ് പൂനെ സൂപ്പർജയന്റിനായും ധോണി കളിച്ചു. പരിക്ക് കാരണം 2026 സീസണിൽ ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. 2025 സീസണിലായിരുന്നു ധോണിയുടെ അവസാന ഐപിഎൽ മത്സരം.
കളിക്കാരനെന്ന നിലയിൽ മൈതാനത്തോട് വിടപറയുമ്പോഴും ചെന്നൈയുടെ മഞ്ഞക്കുപ്പായവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ പുതിയ ഉത്തരവാദിത്വത്തിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം 'തല'.
