നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

  1. Home
  2. Sports

നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

neeraj


2026 ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ജാവലിൻ ത്രോ താരവും ഒളിമ്പിക് ജേതാവുമായ നീരജ് ചോപ്ര പിന്മാറി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്. ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം കനത്ത തിരിച്ചടിയാണ്. സോഷ്യൽ മീഡിയയിലൂടെ നീരജ് തന്നെയാണ് സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന വിവരം പങ്കുവെച്ചത്.

അടുത്തിടെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനത്തോടെ നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനു തൊട്ടുപിന്നാലെ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഡോക്ടർമാരുമായും ടീം അംഗങ്ങളുമായും ആലോചിച്ച ശേഷമാണ് ഈ സീസൺ പൂർണ്ണമായും ഒഴിവാക്കാനും വിശ്രമത്തിൽ പ്രവേശിക്കാനും തീരുമാനിച്ചതെന്ന് നീരജ് വ്യക്തമാക്കി.

ഏഷ്യൻ ഗെയിംസിലെ നിലവിലെ സ്വർണമെഡൽ ജേതാവാണ് നീരജ് ചോപ്ര. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 88.88 മീറ്റർ എറിഞ്ഞാണ് താരം സ്വർണം നേടിയത്. ടോക്യോ ഒളിമ്പിക്സിൽ സ്വർണവും പാരീസ് ഒളിമ്പിക്സിൽ വെള്ളിയും നേടിയിട്ടുള്ള നീരജ് കൂടുതൽ കരുത്തോടെ കളത്തിലേക്ക് തിരിച്ചെത്തുമെന്നും കൂട്ടിച്ചേർത്തു.