റെക്കോഡോടെ സ്വർണം വെടിവെച്ചിട്ട് നീരു ദണ്ഡ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ വ്യക്തിഗത സ്വർണം
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡോടെ സ്വർണം നേടി ഇന്ത്യയുടെ നീരു ദണ്ഡ ചരിത്രം കുറിച്ചു. ഈ ഇനത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്. ഇത്തവണത്തെ ഗെയിംസിൽ ഇന്ത്യ നേടുന്ന അഞ്ചാമത്തെ സ്വർണവും ആദ്യ വ്യക്തിഗത സ്വർണവുമാണിത്. ചൈനയുടെ യുനോങ് സൺ വെള്ളിയും കുവൈത്തിന്റെ ഹാജർ അബ്ദുൾമാലിക് വെങ്കലവും നേടി.
തായ്‌പേയുടെ വാൻ-യു ലിയുവിന്റെ 24 പോയിന്റ് എന്ന ഏഷ്യൻ റെക്കോഡ് തകർത്താണ് നീരു സ്വർണത്തിലേക്ക് വെടിയുതിർത്തത്. നേരത്തെ നീരു ധണ്ഡ, ആഷിമ അഹ്‌ലാവത്, മനീഷ കീർ എന്നിവരടങ്ങിയ സംഘം വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യക്കായി വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു.
