ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്

  1. Home
  2. Sports

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്

s


 

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആദ്യ സെഷനില്‍ 70-5ലേക്ക് കൂപ്പുകുത്തിയെങ്കിലും ഗ്ലെൻ ഫിലിപ്സ്-ഹെൻറി നിക്കോൾസും ചേര്‍ന്ന് അപരാജിത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 173 റൺസെടുത്ത് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 243-5 എന്ന ഭേദപ്പെട്ട നിലയിലെത്തി. 113 റണ്‍സുമായി നിക്കോള്‍സും 94 റണ്‍സോടെ ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍. ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ബൗളിംഗില്‍ തിളങ്ങിയത്.

നേരത്തെ പച്ചപ്പുള്ള പിച്ചില്‍ നിര്‍ണായക ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ടോം ലാഥമിനെ ബൗൾഡാക്കി കിവീസിനെ ഞെട്ടിച്ചു. നാലാം ഓവറില്‍ മറ്റൊരു ഓപ്പണറായ ഡെവോണ്‍ കോണ്‍വെയെ(4) അന്‍ഷുല്‍ കാംബോജും പുറത്താക്കിയതോടെ ന്യൂസിലന്‍ഡിന്‍റെ തുടക്കം പാളി.

മൂന്നാം വിക്കറ്റിൽ ഒത്തുചേര്‍ന്ന രചിന്‍ രവീന്ദ്രയും നിക്കോള്‍സും ചേര്‍ന്ന് കിവീസിനെ 50 കടത്തിയെങ്കിലും രചിന്‍ രവീന്ദ്രയെ(15) പുറത്താക്കി ആകാശ് ദീപ് ന്യൂലിലന്‍ഡിന് മൂന്നാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഡാരില്‍ മിച്ചലിനെ(1)യും ടോം ബ്ലണ്ടലിനെയും(5) പുറത്താക്കി ജസ്പ്രീത് ബുംറ ഇരട്ടപ്രഹഹരമേല്‍പിച്ചതോടെ കിവീസ് 70-5ലേക്ക് കൂപ്പുകുത്തി. എന്നാല്‍ ടോം ബ്ലണ്ടൽ പുറത്തായതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച നിക്കോൾസും ഫിലിപ്സും പിന്നീട് ഇന്ത്യൻ ബൗളർമാർക്ക് യാതൊരു അവസരവും നൽകിയില്ല.

ജാഗ്രതയോടെയും അതേസമയം പ്രത്യാക്രമണത്തിലൂടെയും ബാറ്റ് വീശിയ ഇരുവരും ഇന്ത്യൻ പേസർമാരുടെ താളം തെറ്റിച്ചു. നിക്കോള്‍സിനെ പുറത്താക്കാൻ ലഭിച്ച രണ്ട് സുവര്‍ണാസരങ്ങള്‍ നഷ്ടമാക്കിയതും ഇന്ത്യക്ക് തിരിച്ചടിയായി. ആകാശ്ദീപിന്‍റെ പന്തില്‍ റിഷഭ് പന്തും പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ദേവ്ദത്ത് പടിക്കലുമാണ് നിക്കോള്‍സിനെ കൈവിട്ടത്.