നിർണായകമത്സരത്തിൽ നെയ്മർ കളിക്കും; സ്ഥിരീകരണവുമായി കോച്ച്

  1. Home
  2. Sports

നിർണായകമത്സരത്തിൽ നെയ്മർ കളിക്കും; സ്ഥിരീകരണവുമായി കോച്ച്

neymar


 

സൂപ്പർ താരം നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ താരം ബ്രസീൽ സ്‌ക്വാഡിലുണ്ടാകുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി വ്യക്തമാക്കി. ആദ്യപതിനൊന്നിൽ തന്നെ നെയ്മർ ഇടംപിടിക്കാനും സാധ്യതയുണ്ട്. പരിക്കിൽ നിന്ന് മുക്തനായ താരം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്.

പരിക്ക് മൂലം ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർ ഇറങ്ങിയിരുന്നില്ല. മൊറോക്കോയ്‌ക്കെതിരേയും ഹെയ്തിക്കെതിരേയുമാണ് നെയ്മർ കളിക്കാതിരുന്നത്. മൊറോക്കോയ്‌ക്കെതിരേ സമനിലയായപ്പോൾ ഹെയ്തിക്കെതിരേ എതിരില്ലാത്ത മൂന്നുഗോളിന് ബ്രസീൽ വിജയിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ കൂടി ചേരുന്നത് ടീമിന് ശക്തിപകരും.

ശനിയാഴ്ച താരം ഒറ്റയ്ക്ക് പരിശീലനം നടത്തുമെന്നും തിങ്കഴാഴ്ച ടീമിനൊപ്പം ചേരുമെന്നും ആൻസലോട്ടി വ്യക്തമാക്കി. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരം കളിക്കാൻ താരം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പ് സിയിൽ നിലവിൽ ഒന്നാമതാണ് ബ്രസീൽ. രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയന്റാണുള്ളത്. മൊറോക്കോയ്ക്കും തുല്യപോയന്റാണെങ്കിലും ഗോൾ വ്യത്യാസമാണ് കാനറികൾക്ക് അനുകൂലമായത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുള്ള സ്‌കോട്ട്‌ലൻഡ് മൂന്നാമതാണ്. സ്‌കോട്ട്‌ലൻഡിനെതിരേ വിജയിച്ച് നോക്കൗട്ട് ഉറപ്പിക്കാനായിരിക്കും ആൻസലോട്ടിയും സംഘത്തിന്റെയും ശ്രമം.