ബൗളിങ് കൊടുങ്കാറ്റായി നിയ നസ്നീൻ; ഹിമാചലിനെ തകർത്ത് കേരളത്തിന് സീചെം ട്രോഫി കിരീടം
സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെ 48 റൺസിന് തകർത്ത് കേരളം ചാമ്പ്യന്മാരായി. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചലിനെ 18.3 ഓവറിൽ 98 റൺസിന് കേരളം ഓൾഔട്ടാക്കി. തകർപ്പൻ ബൗളിങ് പ്രകടനത്തിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്.
തുടക്കത്തിൽ ബാറ്റ് ചെയ്ത കേരളത്തിനായി കിരൺ നവ്ഗിരെ (34), ടി. ഷാനി (30), നജ്ല സി.എം.സി (24) എന്നിവർ മികച്ച സംഭാവന നൽകി. മറുപടി ബാറ്റിംഗിൽ 4 ഓവറിൽ രണ്ട് മെയ്ഡനടക്കം വെറും എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തിയ നിയ നസ്നീന്റെ ബൗളിങ് മികവിന് മുന്നിൽ ഹിമാചൽ നിര തകരുകയായിരുന്നു.
മൃദുല വി.എസ്, ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ അണ്ടർ 19 വിഭാഗത്തിലും കേരളം സീചെം ട്രോഫി സ്വന്തമാക്കിയിരുന്നു.
