മൈതാനത്ത് ഇനി വായ മൂടി സംസാരിക്കേണ്ട; റെഡ് കാർഡ് നൽകാൻ ഫിഫ; ലോകകപ്പിൽ നിയമപരിഷ്കാരം
ഫുട്ബോൾ മൈതാനത്തെ തർക്കങ്ങൾക്കിടയിൽ കൈകൾ കൊണ്ട് വായ മറച്ചുപിടിച്ച് സംസാരിക്കുന്ന താരങ്ങൾക്ക് ഇനി റെഡ് കാർഡ് ലഭിക്കും. 2026 ലോകകപ്പ് മുതൽ നടപ്പിലാക്കുന്ന കർശനമായ നിയമപരിഷ്കാരങ്ങളുടെ ഭാഗമായാണ് ഫിഫയുടെ ഈ നീക്കം. താരങ്ങൾ വംശീയമായോ അധിക്ഷേപകരമായോ സംസാരിക്കുന്നത് വാർ (VAR) പരിശോധനയിലൂടെയോ ലിപ് റീഡിങ്ങിലൂടെയോ കണ്ടെത്തുന്നത് തടയാൻ വായ മറച്ചുപിടിക്കുന്നത് പതിവായതിനെ തുടർന്നാണ് ഈ നടപടി.
മൈതാനത്തെ സുതാര്യത ഉറപ്പാക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. ക്യാമറകൾക്കും ഒഫീഷ്യൽസിനും വ്യക്തമാകാത്ത രീതിയിൽ രഹസ്യമായി സംസാരിക്കുന്നത് ഇനി മുതൽ റെഡ് കാർഡ് ലഭിക്കാവുന്ന കുറ്റമായി മാറും. ഇതോടൊപ്പം മറ്റ് ചില നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. റെഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ടുപോകുന്ന താരങ്ങൾക്കും ടീം ഉദ്യോഗസ്ഥർക്കും നേരിട്ട് റെഡ് കാർഡ് നൽകും. പകരക്കാരനായി ഇറങ്ങുന്ന താരം 10 സെക്കൻഡിനുള്ളിൽ മൈതാനം വിട്ടില്ലെങ്കിൽ, ആ ടീം ഒരു മിനിറ്റ് നേരത്തേക്ക് 10 പേരുമായി കളിക്കേണ്ടി വരും.
മഞ്ഞക്കാർഡ് നിയമത്തിൽ ഇളവുകൾ അതേസമയം, സൂപ്പർ താരങ്ങൾ മഞ്ഞക്കാർഡ് ലഭിച്ച് സെമിയിലും ഫൈനലിലും പുറത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് മഞ്ഞക്കാർഡുകൾ റദ്ദാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ സിംഗിൾ മഞ്ഞക്കാർഡുകൾ റൗണ്ട് ഓഫ് 32-ലേക്ക് കടക്കുമ്പോൾ റദ്ദാക്കപ്പെടും. കൂടാതെ, ക്വാർട്ടർ ഫൈനലിന് ശേഷവും മഞ്ഞക്കാർഡുകൾ ഒഴിവാക്കും. ഇതോടെ സെമിയിൽ മഞ്ഞക്കാർഡ് ലഭിച്ചാലും താരം റെഡ് കാർഡ് വാങ്ങിയില്ലെങ്കിൽ ഫൈനലിൽ കളിക്കാനാകും. ടൂർണമെന്റിന്റെ ആവേശം ചോരാതിരിക്കാനാണ് ഈ മാറ്റമെന്ന് ഫിഫ വ്യക്തമാക്കി.
