'സ്മാർട്ട് സൺഗ്ലാസുകൾ' വേണ്ട; ഐപിഎൽ ഫൈനലിന് തൊട്ടുമുമ്പ് പുതിയ വിലക്കുമായി ബിസിസിഐ

  1. Home
  2. Sports

'സ്മാർട്ട് സൺഗ്ലാസുകൾ' വേണ്ട; ഐപിഎൽ ഫൈനലിന് തൊട്ടുമുമ്പ് പുതിയ വിലക്കുമായി ബിസിസിഐ

smart sun glass


ഈ സീസണിലെ ഐപിഎൽ ആവേശകരമായ അവസാന രണ്ട് മത്സരങ്ങളിലേക്ക് കടക്കവെ, കളിക്കാർക്കും മാച്ച് ഒഫീഷ്യലുകൾക്കും പുതിയ കർശന വിലക്കേർപ്പെടുത്തി ബിസിസിഐ (BCCI). മത്സരസമയത്ത് ഡഗ് ഔട്ടിലോ മൈതാനത്തോ അത്യാധുനിക ഫീച്ചറുകളുള്ള 'സ്മാർട്ട് സൺഗ്ലാസുകൾ' (Smart Sunglasses) ഉപയോഗിക്കുന്നത് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം (ACU) പൂർണ്ണമായും വിലക്കി.

മൊബൈൽ ഡാറ്റ, വൈ-ഫൈ എന്നിവ വഴി തത്സമയ സ്ട്രീമിങ്, ഓഡിയോ-വീഡിയോ കോളിങ്, ടെക്സ്റ്റ് മെസേജുകൾ അയക്കൽ തുടങ്ങിയ ആശയവിനിമയ സൗകര്യങ്ങൾ ഇത്തരം ഗ്ലാസുകളിൽ ലഭ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി. പ്രമുഖ കമ്പനികൾ ചില കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇത്തരം സ്മാർട്ട് ഗ്ലാസുകൾ വിതരണം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതോടെ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു. ക്രിക്കറ്റിലെ അഴിമതിയും ഒത്തുകളി ശ്രമങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

മത്സരദിവസങ്ങളിൽ കളിക്കാരും ഒഫീഷ്യൽസും ഡ്രസ്സിങ് റൂം, ഡഗ് ഔട്ട് ഉൾപ്പെടെയുള്ള സുരക്ഷിത മേഖലകളിലേക്ക് (PMOA) പ്രവേശിക്കുമ്പോൾ സ്മാർട്ട് ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കുമൊപ്പം ഇത്തരം സൺഗ്ലാസുകളും സെക്യൂരിറ്റി ലെയ്സൻ ഓഫീസർക്ക് കൈമാറണം. ഈ സുരക്ഷാ നിർദ്ദേശം ലംഘിക്കുന്നവർക്ക് കനത്ത പിഴയടക്കമുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകുന്നു.

ഈ സീസണിന്റെ തുടക്കത്തിൽ രാജസ്ഥാൻ റോയൽസ് സപ്പോർട്ടിങ് സ്റ്റാഫ് അംഗമായ റോമി ഭിന്ദർ മത്സരത്തിനിടെ ടീം ഡഗ് ഔട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് അഴിമതി വിരുദ്ധ ചട്ടപ്രകാരം ഇയാൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഹണി ട്രാപ്പ് ഭീഷണികളും സുരക്ഷാ ആശങ്കകളും മുൻനിർത്തി അനുമതിയില്ലാതെ താരങ്ങൾ രാത്രി വൈകി പുറത്തുപോകുന്നതിനും ഹോട്ടൽ മുറികളിൽ അതിഥികളെ പ്രവേശിപ്പിക്കുന്നതിനും ബിസിസിഐ ഈ സീസണിൽ നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.