ഗൾഫ് കപ്പ് സെമിയിൽ ഒമാൻ യു.എ.ഇയെ നേരിടും; ആദ്യ സെമിയിൽ സൗദി-ഖത്തർ പോരാട്ടം
ഗൾഫ് കപ്പ് 27-ആം പതിപ്പിന്റെ സെമി ഫൈനലിൽ ഒമാനും യു.എ.ഇയും ഏറ്റുമുട്ടും. ശനിയാഴ്ച ഒമാൻ സമയം രാത്രി 10.30 ന് (യു.എ.ഇ സമയം 10.30) ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. ബുധനാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഖത്തറുമായി 1-1 എന്ന നിലയിൽ സമനില പാലിച്ചാണ് യു.എ.ഇ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ കടന്നത്. ഏഴു പോയിന്റുള്ള ഖത്തർ ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനക്കാരായി.
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് ഒമാന്റെ സെമി പ്രവേശം. അവസാന ഗ്രൂപ്പ് മത്സരത്തിൽ കുവൈത്തിനെ 3-1 ന് പരാജയപ്പെടുത്തിയ ഒമാൻ, ഇറാഖുമായി നാല് പോയിന്റ് തുല്യത വന്നതോടെ നറുക്കെടുപ്പിലൂടെയാണ് സെമി ഫൈനൽ യോഗ്യത നേടിയത്. ശനിയാഴ്ച രാത്രി ഒമാൻ സമയം ഏഴിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ആതിഥേയരായ സൗദി അറേബ്യ ഖത്തറിനെ നേരിടും.
