ആന്ധ്രാപ്രദേശിലെ കോവിഡ് വ്യാപനത്തിനു പിന്നിൽ ഒമിക്രോൺ RF.5; ഒരുമാസത്തിനിടെ 4 മരണം

  1. Home
  2. Sports

ആന്ധ്രാപ്രദേശിലെ കോവിഡ് വ്യാപനത്തിനു പിന്നിൽ ഒമിക്രോൺ RF.5; ഒരുമാസത്തിനിടെ 4 മരണം

covid cases


ആന്ധ്രാപ്രദേശിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ, രോഗവ്യാപനത്തിന് കാരണം ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ 'RF.5' ആണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുമാസത്തിനിടെ പതിനാറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്തു. വകഭേദം തിരിച്ചറിയുന്നതിനായി നടത്തിയ ജനിതക ശ്രേണീകരണ (Genome Sequencing) പരിശോധനയിലാണ് ഒമിക്രോൺ RF.5 സാന്നിധ്യം കണ്ടെത്തിയത്. കടപ്പ ജില്ലയിൽ നിന്നുള്ള കോവിഡ് പോസിറ്റീവ് സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ച് നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

ലോകാരോഗ്യ സംഘടന പതിവായ ജനിതക നിരീക്ഷണത്തിന്റെ ഭാഗമായി RF.5 വകഭേദത്തെ നിരീക്ഷിച്ചു വരുന്നുണ്ടെന്നും സിംഗപ്പൂരിലും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഈ കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർധൻ വ്യക്തമാക്കി. എന്നാൽ, നിലവിൽ RF.5 മറ്റ് ഒമിക്രോൺ വകഭേദങ്ങളെക്കാൾ അപകടകാരിയാണെന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവുകളുമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, കടുത്ത ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

അതിനിടെ, ആന്ധ്രാപ്രദേശിലെ കോവിഡ് വ്യാപന സാഹചര്യം നേരിടാൻ സംസ്ഥാനത്തെ ആശുപത്രികൾ പൂർണ്ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി സത്യകുമാർ യാദവ് അറിയിച്ചു. കോവിഡ് കണ്ടെത്തലിനും ചികിത്സയ്ക്കും ആവശ്യമായ പരിശോധനാ കിറ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടപ്പയിൽ രോഗവ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രി സാവിത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രോഗബാധിത പ്രദേശങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാനും ബോധവൽക്കരണം ശക്തമാക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രികൾ ഉൾപ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരെ കണ്ടെത്തി ആവശ്യമെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റാനും കിടക്കകളും വൈദ്യസഹായവും സജ്ജമാക്കാനും ആശുപത്രികൾക്ക് കർശന നിർദ്ദേശം നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.