ബംഗ്ലാദേശ് ക്രിക്കറ്റിലെ പ്രശ്നങ്ങൾ രൂക്ഷം, BCB ഡയറക്ടർ രാജിവെക്കണം എന്ന് താരങ്ങൾ
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഡയറക്ടർ എം. നസ്മുൽ ഇസ്‌ലാം വ്യാഴാഴ്ച ഉച്ചയോടെ രാജി വെക്കണമെന്നും അല്ലാത്തപക്ഷം ജനുവരി 15-ന് നടക്കാനിരിക്കുന്ന രണ്ട് ബിപിഎൽ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ബഹിഷ്കരിക്കുമെന്നും ബംഗ്ലാദേശ് താരങ്ങൾ മുന്നറിയിപ്പ് നൽകി.ടി20 ലോകകപ്പ് വേദി സംബന്ധിച്ച് ഇന്ത്യയുമായുള്ള തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, താരങ്ങൾക്കായി ചെലവഴിച്ച കോടിക്കണക്കിന് രൂപ അവർ തിരിച്ചുനൽകണമെന്ന് ബുധനാഴ്ച നസ്മുൽ നടത്തിയ വിവാദ പരാമർശമാണ് താരങ്ങളെ പ്രകോപിപ്പിച്ചത്. താരങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണ് ഈ പ്രസ്താവനയെന്നും ക്രിക്കറ്റ് സമൂഹത്തിന് ഇത് വലിയ ആഘാതമുണ്ടാക്കിയെന്നും സിഡബ്ല്യുഎബി (CWAB) പ്രസിഡന്റ് മുഹമ്മദ് മിഥുൻ വ്യക്തമാക്കി.
ക്യാപ്റ്റൻമാരായ നജ്മുൽ ഹൊസൈൻ ഷാന്റോ, മെഹിദി ഹസൻ മിറാസ് എന്നിവരും ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു ഇന്ത്യയിലെ മത്സരങ്ങൾ ഒഴിവാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സംസാരിക്കവെ നസ്മുൽ ഇസ്‌ലാം താരങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. എന്നാൽ ബിസിബി ഉടൻ തന്നെ ഈ പ്രസ്താവന തള്ളുകയും നസ്മുലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
ഇതിന് മുമ്പും തമീം ഇഖ്ബാലിനെ “ഇന്ത്യൻ ഏജന്റ്” എന്ന് വിളിച്ച് നസ്മുൽ വിവാദത്തിലായിരുന്നു. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നൽകിയതിനാണ് തമീമിനെതിരെ അന്ന് അദ്ദേഹം രംഗത്തെത്തിയത്. വ്യാഴാഴ്ച പുലർച്ചെ വരെ നസ്മുൽ രാജി വെക്കാൻ തയ്യാറാകാത്തത് ബിപിഎൽ മത്സരങ്ങളുടെ നടത്തിപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.
