ശമ്പളം മുടങ്ങിയതിൽ പ്രതിഷേധം; ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകൾ ഓഫാക്കി; രണ്ട് ജീവനക്കാർ അറസ്റ്റിൽ

  1. Home
  2. Sports

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധം; ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകൾ ഓഫാക്കി; രണ്ട് ജീവനക്കാർ അറസ്റ്റിൽ

rcb


ഐപിഎൽ മത്സരങ്ങൾ പുരോഗമിക്കവെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷാ ഭീഷണിയുയർത്തി ജീവനക്കാരുടെ പ്രതിഷേധം. സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകൾ ജീവനക്കാർ തന്നെ മനഃപൂർവ്വം ഓഫാക്കിയതായി കണ്ടെത്തി. ഏപ്രിൽ 24-ന് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുന്നോടിയായാണ് ഈ സുരക്ഷാ വീഴ്ച ഉണ്ടായത്. സംഭവത്തിൽ സ്റ്റേഡിയത്തിലെ നിരീക്ഷണ സംവിധാനങ്ങളുടെ ചുമതലയുള്ള കമ്പനിയിലെ ജീവനക്കാരായ മഞ്ജുനാഥ് (37), അബ്ദുൾ കലാം (19) എന്നിവരെ കുബ്ബോൺ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തു.

മാസങ്ങളായി ശമ്പളം ലഭിക്കാത്തതിലുള്ള അമർഷമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. ഏകദേശം 10 ലക്ഷം രൂപയോളം ശമ്പള ഇനത്തിൽ ഇവർക്ക് ലഭിക്കാനുണ്ടെന്നാണ് സൂചന. പ്രവേശന വിലക്കുള്ള സിസിടിവി കൺട്രോൾ റൂമിൽ അതിക്രമിച്ചു കയറിയ ഇവർ ഫൈബർ കണക്ഷനുകളും വീഡിയോ റെക്കോർഡറുകളും പ്രവർത്തനരഹിതമാക്കുകയായിരുന്നു.

മത്സരദിവസം രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് പ്രവേശന കവാടങ്ങളിലുൾപ്പെടെയുള്ള ക്യാമറകൾ ഓഫായ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സാങ്കേതിക വിദഗ്ധരെത്തി ഒരു മണിക്കൂറിനുള്ളിൽ ക്യാമറകൾ പ്രവർത്തനക്ഷമമാക്കിയതിനാൽ മത്സരത്തെയോ സുരക്ഷയെയോ ഇത് ബാധിച്ചില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അക്ഷയ് എം ഹക്കായി അറിയിച്ചു. വ്യക്തിപരമായ വിരോധമാണ് അട്ടിമറിക്ക് പിന്നിലെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.