പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക്; മുസരബാനിക്ക് പിന്നാലെ ദസുൻ ഷനകയ്ക്കും പാക് ബോർഡിന്റെ വിലക്ക്

  1. Home
  2. Sports

പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക്; മുസരബാനിക്ക് പിന്നാലെ ദസുൻ ഷനകയ്ക്കും പാക് ബോർഡിന്റെ വിലക്ക്

shanaka


സിംബാബ്‌വെ പേസർ ബ്ലെസിങ് മുസരബാനിക്ക് പിന്നാലെ ശ്രീലങ്കൻ ടി20 നായകൻ ദസുൻ ഷനകയ്ക്കും പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വിലക്കേർപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐപിഎൽ കളിക്കുന്നതിനായി പിഎസ്എൽ കരാർ ഉപേക്ഷിച്ചതിനെത്തുടർന്നാണ് നടപടി. ഇതോടെ ഷനകയ്ക്ക് ഒരു വർഷത്തേക്ക് പിഎസ്എല്ലിൽ കളിക്കാനാകില്ല. മുസരബാനിക്ക് രണ്ട് വർഷത്തെ വിലക്കാണ് പിസിബി ഏർപ്പെടുത്തിയിരിക്കുന്നത്.

പിഎസ്എല്ലിൽ ലാഹോർ ഖലന്ദേഴ്സുമായി കരാറിലായിരുന്ന ഷനകയെ, പരിക്കേറ്റ സാം കറന് പകരക്കാരനായാണ് രാജസ്ഥാൻ റോയൽസ് ഐപിഎല്ലിലേക്ക് എത്തിച്ചത്. ഐപിഎല്ലിൽ കളിക്കാനുള്ള താൽപ്പര്യം മുൻനിർത്തി താരം പിഎസ്എൽ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. നേരത്തെ ഗുജറാത്ത് ടൈറ്റൻസിനായി കളിച്ചിട്ടുള്ള ഷനകയ്ക്ക് ഇത്തവണ രാജസ്ഥാനിലേക്ക് ലഭിച്ച അവസരം വലിയ വഴിത്തിരിവാണ്. സമാനമായ രീതിയിൽ, ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള കരാർ ലംഘിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ചേക്കേറിയതിനാണ് മുസരബാനിക്കെതിരെ നടപടിയെടുത്തത്.

ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് പകരം കളിക്കാരനായാണ് മുസരബാനി കെകെആറിലെത്തിയത്. വിദേശ താരങ്ങൾ കരാർ ലംഘിച്ച് ഐപിഎല്ലിലേക്ക് മാറുന്നത് പിഎസ്എല്ലിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് പിസിബിയുടെ കർശന നടപടി. ഇവർക്ക് പുറമെ ഓസ്‌ട്രേലിയൻ താരം സ്പെൻസർ ജോൺസണും സമാനമായ രീതിയിൽ ഐപിഎല്ലിൽ കളിക്കുന്നുണ്ട്. സ്പെൻസറിനെതിരെയും വരും ദിവസങ്ങളിൽ വിലക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. മുൻപ് കോർബിൻ ബോഷും ഇത്തരത്തിൽ കരാർ ലംഘിച്ചതിന് ഒരു വർഷത്തെ വിലക്ക് നേരിട്ടിരുന്നു.