ഐ.ഒ.എ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; ന്യൂ ഭാരത് പാനലിന് വിജയം
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐ.ഒ.എ) തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് തോൽവി. സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (SOM) വിഭാഗത്തിലെ വനിതാ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന മത്സരത്തിലാണ് ഉഷ പരാജയപ്പെട്ടത്. നാല് സ്ഥാനങ്ങളിലേക്ക് മത്സരിച്ച ആറ് പേരിൽ ന്യൂ ഭാരത് പാനലിലെ നാല് പേരും വിജയിച്ചു.
ബാഡ്മിന്റൺ താരം സൈന നെഹ്വാൾ, മുൻ ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജ്, മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ എന്നിവരാണ് വിജയികൾ. ഇതോടെ ഐ.ഒ.എ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള ഉഷയുടെ സാധ്യതയും അവസാനിച്ചു.
ഡിസംബർ അഞ്ചിന് നടക്കുന്ന ഐ.ഒ.എ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ SOM പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടേണ്ടത് നിർബന്ധമാണ്. ഈ വിഭാഗത്തിൽ വിജയിക്കുന്നവർക്കാണ് ജനറൽ അസംബ്ലിയിൽ അംഗമാകാനും തുടർന്നുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം ലഭിക്കുക.
തനിക്കെതിരെ സംഘടിത നീക്കങ്ങൾ നടക്കുന്നുവെന്നും ന്യൂ ഭാരത് പാനൽ വാട്സാപ്പിലൂടെ പ്രചാരണം നടത്തുന്നുവെന്നും പി.ടി. ഉഷ നേരത്തെ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് അധികൃതർക്ക് പരാതിയും നൽകിയിരുന്നു.
വനിതാ വിഭാഗത്തിൽ നാല് സ്ഥാനങ്ങളിലേക്ക് ആറ് പേർ മത്സരിച്ചതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം, പുരുഷ വിഭാഗത്തിൽ നാല് സ്ഥാനങ്ങളിലേക്ക് നാല് പേർ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഗഗൻ നരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
