ഖത്തറിനെ വീഴ്ത്തി ചരിത്രനേട്ടം; ഏഷ്യൻ ഗെയിംസ് പുരുഷ ഹാൻഡ്‌ബോളിൽ ബഹ്‌റൈന് സ്വർണം
നീണ്ട കാത്തിരിപ്പിനൊടുവിൽ ഏഷ്യൻ ഗെയിംസ് പുരുഷ ഹാൻഡ്‌ബോളിൽ ചാമ്പ്യന്മാരായി ബഹ്‌റൈൻ. ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന മേളയുടെ ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഖത്തറിനെ 33-32 എന്ന സ്കോറിന് തോൽപ്പിച്ചാണ് ബഹ്‌റൈൻ സ്വർണമെഡൽ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസ് ഫൈനലുകളിലും ബഹ്‌റൈനെ വീഴ്ത്തി സ്വർണം നേടിയ ഖത്തറിന്റെ തുടർച്ചയായ നാലാം കിരീടമെന്ന സ്വപ്നത്തിനാണ് ഇതിലൂടെ വിരാമമായത്.
സീനിയർ താരം ഹുസൈൻ അൽ സയ്യാദിന്റെ മികച്ച നായകത്വവും മുഹമ്മദ് ഹബീബ് നാസർ, അഹമ്മദ് കാസിം, അഹമ്മദ് ഫദൂൽ, ഹസൻ മദാൻ, ജാസിം ഖമീസ് എന്നിവരുടെ തകർപ്പൻ പ്രകടനവുമാണ് ബഹ്‌റൈന് ചരിത്രവിജയം സമ്മാനിച്ചത്. ഈ സുവർണ നേട്ടത്തോടെ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ബഹ്‌റൈന്റെ ആകെ മെഡൽ നേട്ടം 11 സ്വർണവും 4 വെള്ളിയും 4 വെങ്കലവുമടക്കം 19 ആയി ഉയർന്നു.
