ഖത്തർ ഫുട്ബോൾ ആവേശം ലുസൈലിലേക്ക്; ടിക്കറ്റ് വിതരണം നാളെ മുതൽ

  1. Home
  2. Sports

ഖത്തർ ഫുട്ബോൾ ആവേശം ലുസൈലിലേക്ക്; ടിക്കറ്റ് വിതരണം നാളെ മുതൽ

qatar


കാൽപ്പന്ത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ഫുട്ബാൾ ഫെസ്റ്റിവലിന്റെ ടിക്കറ്റ് വിൽപന നാളെ മുതൽ. ഫൈനലിസിമ ഉൾപ്പെടെയുള്ള ആവേശകരമായ മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ roadtoqatar.qa എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാകുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. മാർച്ച് 26 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ലോകത്തെ മുൻനിര ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ദക്ഷിണ അമേരിക്കൻ കരുത്തരായ അർജന്റീനയും യൂറോപ്യൻ ജേതാക്കളായ സ്പെയിനും തമ്മിലുള്ള ഹൈ വോൾട്ടേജ് ഫൈനലിസിമ പോരാട്ടമാണ് ടൂർണമെന്റിലെ പ്രധാന ആകർഷണം. ഈ ടീമുകൾക്ക് പുറമെ സെർബിയ, ഈജിപ്ത്, സൗദി അറേബ്യ എന്നിവരും ഖത്തറിലെ മൈതാനങ്ങളിൽ പന്തുതട്ടാൻ എത്തും. മാർച്ച് 26-ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ - സെർബിയ മത്സരത്തോടെയും അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ സൗദി - ഈജിപ്ത് മത്സരത്തോടെയുമാണ് ഫെസ്റ്റിവലിന് തുടക്കമാകുന്നത്.

ഏറ്റവും കൂടുതൽ ആരാധകർ ഉറ്റുനോക്കുന്ന അർജന്റീന - സ്പെയിൻ പോരാട്ടം മാർച്ച് 27-ന് ലുസൈൽ സ്റ്റേഡിയത്തിലാണ് നടക്കുക. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ മാർച്ച് 30-ന് ഈജിപ്ത് സ്പെയിനിനെയും സെർബിയ സൗദി അറേബ്യയെയും നേരിടും. മാർച്ച് 31-ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അർജന്റീന - ഖത്തർ മത്സരത്തോടെ ഫുട്ബാൾ ഫെസ്റ്റിവൽ സമാപിക്കും. ലോകകപ്പിന് മുന്നോടിയായി വമ്പൻ ടീമുകൾ മുഖാമുഖം വരുന്നത് ആരാധകർക്ക് വലിയ വിരുന്നായി മാറും.