പഞ്ചാബിന്റെ വിജയക്കുതിപ്പിന് തടയിട്ട് രാജസ്ഥാൻ റോയൽസ്; ഫെരേരയുടെയും ജയ്‌സ്വാളിന്റെയും തകർപ്പൻ ബാറ്റിങ്ങിൽ റോയൽ ജയം

  1. Home
  2. Sports

പഞ്ചാബിന്റെ വിജയക്കുതിപ്പിന് തടയിട്ട് രാജസ്ഥാൻ റോയൽസ്; ഫെരേരയുടെയും ജയ്‌സ്വാളിന്റെയും തകർപ്പൻ ബാറ്റിങ്ങിൽ റോയൽ ജയം

punjab


ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം. പഞ്ചാബ് ഉയർത്തിയ 223 റൺസ് എന്ന കൂറ്റൻ ലക്ഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. ഡൊണോവൻ ഫെരേരയുടെയും യശസ്വി ജയ്‌സ്വാളിന്റെയും അർധസെഞ്ച്വറികളാണ് രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. ഇതോടെ ഈ സീസണിലെ പഞ്ചാബ് കിങ്‌സിന്റെ അപരാജിത കുതിപ്പിന് അന്ത്യമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി യുവതാരം വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വൈഭവ് 16 പന്തിൽ 43 റൺസ് അടിച്ചുകൂട്ടിയപ്പോൾ, ജയ്‌സ്വാൾ 27 പന്തിൽ 51 റൺസ് നേടി ടീമിന് ശക്തമായ അടിത്തറയിട്ടു. എന്നാൽ മധ്യനിരയിൽ ധ്രുവ് ജുറേലും (16), നായകൻ റിയാൻ പരാഗും (29) വേഗത്തിൽ പുറത്തായത് രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. മുൻ രാജസ്ഥാൻ താരം കൂടിയായ യുസ്‌വേന്ദ്ര ചഹലാണ് ഇരുവരുടെയും വിക്കറ്റുകൾ വീഴ്ത്തിയത്.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഡൊണോവൻ ഫെരേര - ശുഭം ദുബെ സഖ്യം പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മത്സരം തിരിച്ചുപിടിച്ചു. ഫെരേര 26 പന്തിൽ 52 റൺസ് നേടിയപ്പോൾ, ശുഭം ദുബെ 12 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, പ്രഭ്സിമ്രാൻ സിങ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ മിന്നും പ്രകടനത്തിലാണ് 222 റൺസ് എടുത്തത്. രാജസ്ഥാന് വേണ്ടി യാഷ് രാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.