96 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബിയും ഗുജറാത്തും, ചെന്നൈയുടെ സാധ്യതകള്‍ കൂപ്പുകുത്തി

  1. Home
  2. Sports

96 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബിയും ഗുജറാത്തും, ചെന്നൈയുടെ സാധ്യതകള്‍ കൂപ്പുകുത്തി

ipl


ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങൾ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് വൻ തിരിച്ചടി. ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനോട് കൂറ്റൻ തോല്‍വി വഴങ്ങിയതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. തോൽവിയോടെ പോയിന്‍റ് പട്ടികയിൽ രാജസ്ഥാന്‍ റോയല്‍സിനും പിന്നില്‍ ആറാം സ്ഥാനത്തേക്ക് വീണ ചെന്നൈക്ക് ഇനി പ്ലേ ഓഫിലെത്തണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിക്കണം. ചെന്നൈയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇരു ടീമിനും 12 പോയിന്‍റാണെങ്കിലും നെറ്റ് റൺറേറ്റിലാണ് രാജസ്ഥാന്‍(+0.082) ചെന്നൈയെ(+0.027) മറികടന്നത്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറിലായിരുന്നു ലക്നൗ മറികടന്നത്. ഇതാണ് നെറ്റ് റണ്‍റേറ്റില്‍ ചെന്നൈ പിന്നിലാവാന്‍ കാരണമായത്.ലക്നൗവിനെതിരായ ചെന്നൈയുടെ തോല്‍വിക്കുശേഷമുള്ള സ്റ്റാർ സ്പോർട്സിന്‍റെ വിലയിരുത്തല്‍ അനുസരിച്ച് ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകൾ ഇപ്രകാരമാണ്. ഇന്നലെ ചെന്നൈ തോറ്റതോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബിയുടെ സാധ്യത 94.5 ശതമാനത്തില്‍ നിന്ന് 96.1% ആയി ഉയര്‍ന്നപ്പോൾ16 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സാധ്യത 94.9 ശതമാനത്തിൽ നിന്ന് 96.6 ശതമാനമായി ഉയര്‍ന്നു.മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫിലെത്താനുള്ള സാധ്യതയിലും വര്‍ധന വന്നിട്ടുണ്ട്. 67.4 ശതമാനത്തില്‍ നിന്ന് 70.3% ആയാണ് ഹൈദരാബാദിന്‍റെ സാധ്യതകള്‍ ഉയര്‍ന്നത്.