റയൽ മാഡ്രിഡ് വിജയവഴിയിൽ തിരികെയെത്തി
സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആവേശകരമായ ലാലിഗ പോരാട്ടത്തിൽ ലെവാന്തെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. സൂപ്പർ കപ്പിലെയും കോപ ഡെൽ റേയിലെയും നിരാശയിൽ നിന്നുള്ള ആശ്വാസമാണ് ഈ ജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലെവാന്തെയുടെ പ്രതിരോധം ഭേദിക്കാൻ റയൽ നന്നായി ബുദ്ധിമുട്ടിയെങ്കിലും രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾ അവർക്ക് നിർണ്ണായക വിജയം സമ്മാനിച്ചു.
58-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച കിലിയൻ എംബാപ്പെയാണ് റയലിന് ആദ്യ ലീഡ് നൽകിയത്. ഏഴ് മിനിറ്റുകൾക്ക് ശേഷം യുവതാരം അർദ ഗുലറുടെ കൃത്യതയാർന്ന പാസിൽ നിന്ന് പ്രതിരോധ താരം റൗൾ അസെൻസിയോ ടീമിന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
ഈ ജയത്തോടെ റയൽ മാഡ്രിഡ് 48 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണ 49 പോയിന്റുമായി ഒന്നാമത് ഉണ്ട്.
