ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം; 2026 ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാം

  1. Home
  2. Sports

ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം; 2026 ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാം

fifa


ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ഉത്കണ്ഠകൾക്കും ഒടുവിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വാസവാർത്ത. വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ലോകകപ്പ് സംപ്രേക്ഷണത്തിനായുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചു.

പ്രമുഖ മാധ്യമ ശൃംഖലയായ 'സീ എന്റർടൈൻമെന്റ്' ആണ് ഇന്ത്യയിലെ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി സീ എന്റർടെയ്ൻമെന്റ് പുതിയ ഏഴ് സ്പോർട്സ് ചാനലുകൾ ആരംഭിക്കുമെന്നാണ് വിവരം. 'യുണൈറ്റഡ്8 സ്പോർട്സ്' (United8 Sports) എന്ന പേരിൽ ചാനലുകൾ തുടങ്ങാനായി അവർ ട്രേഡ്മാർക്കിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 30 മുതൽ 35 മില്യൺ യു.എസ്. ഡോളർ (ഏകദേശം 250-290 കോടി രൂപ) മൂല്യമുള്ള കരാറാണ് സീ എന്റർടൈൻമെന്റ് ഫിഫയുമായി ഒപ്പുവെച്ചിരിക്കുന്നത്. ജൂൺ 11-ന് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിൽ ഏത് ചാനലിലാണ് കളി കാണാനാകുക എന്നതിൽ വ്യക്തതയില്ലാതിരുന്നത് കായികപ്രേമികളെ വലിയ രീതിയിൽ ആശങ്കയിലാഴ്ത്തിയിരുന്നു. സർക്കാർ ചാനലായ ദൂരദർശൻ ഉൾപ്പെടെയുള്ളവർ സംപ്രേക്ഷണാവകാശത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവിൽ കരാർ സീ ഗ്രൂപ്പ് ഉറപ്പിക്കുകയായിരുന്നു.