റിഷഭ് പന്ത് തന്‍റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക്
ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. ലക്നൗ സൂപ്പർ ജയന്‍റ്സ് നായകനായിരുന്ന റിഷഭ് പന്ത് തന്‍റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. പകരം ഡൽഹിയുടെ മുൻനിര സ്പിന്നർ കുൽദീപ് യാദവിനെ ലക്നൗവിന് നൽകിക്കൊണ്ടാണ് ഡൽഹി റിഷഭ് പന്തിനെ തിരികെ ടീമിലെത്തിച്ചത്. ഐപിഎൽ ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെയാണ് ഈ മെഗാ ട്രേഡിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.തന്‍റെ മുൻ ടീമിലേക്ക് മടങ്ങിവരാൻ ഭീമമായ തുകയാണ് റിഷഭ് പന്ത് പ്രതിഫലയിനത്തില്‍ കുറവ് വരുത്തിയത്. രണ്ടു സീസണുകൾക്ക് മുൻപ് 27 കോടി രൂപയെന്ന റെക്കോർഡ് തുകയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയിരുന്നത്. എന്നാൽ ഡൽഹിയിലേക്ക് തിരിച്ചെത്തുമ്പോൾ പന്തിന് ലഭിക്കുക സീസണിൽ 15 കോടി രൂപ മാത്രമാണ്. അതായത് 12 കോടി രൂപ പ്രതിഫലയിനത്തില്‍ പന്തിന് നഷ്ടമാകും. മറുവശത്ത് 13.50 കോടി രൂപയുടെ കരാറിലാണ് കുൽദീപ് യാദവ് ലക്നൗവിലേക്ക് മാറുന്നത്.
2025ലെ ഐപിഎല്‍ സീസണിന് മുന്നോടിയായാണ് റിഷഭ് പന്ത് ലക്നൗവിന്റെ ക്യാപ്റ്റനാകുന്നത്. എന്നാൽ ലക്നൗവിനൊപ്പമുള്ള പന്തിന്‍റെ രണ്ട് വർഷത്തെ കരിയർ അത്ര സുഖകരമായിരുന്നില്ല. 2025 സീസണില്‍ 269 റൺസ് മാത്രം നേടിയ പന്ത് 2026 സീസണില്‍ 312 റൺസ് മാത്രമാണ് നേടിയത്. തുടർച്ചയായ മോശം ഫോമിനെത്തുടർന്ന് 2026 സീസണിന് ശേഷം പന്ത് ലക്നൗവിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. ഓപ്പണറായും ഫിനിഷറായും പല പൊസിഷനുകളിൽ കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ പന്തിന് സാധിച്ചില്ല.
