ഖുബാഅ് പള്ളി മുറ്റത്ത് ഇനി റോബോ ബസ്; സെൽഫ് ഡ്രൈവിങ് പരീക്ഷണ ഓട്ടം തുടങ്ങി
ചരിത്രപ്രസിദ്ധമായ ഖുബാഅ് പള്ളി പരിസരത്ത് നൂതന സാങ്കേതികവിദ്യയുടെ കരുത്തിൽ ഓടുന്ന ‘സെൽഫ് ഡ്രൈവിങ്’ റോബോ ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. മദീന മേഖല വികസന അതോറിറ്റിയുമായി സഹകരിച്ച് സൗദി പൊതുഗതാഗത അതോറിറ്റിയാണ് ലോകശ്രദ്ധയാകർഷിക്കുന്ന ഈ സ്മാർട്ട് യാത്രാ പദ്ധതിക്ക് തുടക്കമിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹൈ-റെസല്യൂഷൻ കാമറകൾ, അത്യാധുനിക സെൻസർ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഡ്രൈവറില്ലാ ബസ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് വാഹനത്തിന്റെ സഞ്ചാരം.
അറുപത് ദിവസം നീണ്ടുനിൽക്കുന്ന പരീക്ഷണ ഘട്ടത്തിലൂടെ പുതിയ സാങ്കേതികവിദ്യയുടെ കാര്യക്ഷമതയും സുരക്ഷയും വിലയിരുത്താനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. പള്ളിയിൽ ആരാധനയ്‌ക്കെത്തുന്നവർക്കും സന്ദർശകർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനായി 700 മീറ്റർ നീളത്തിലാണ് ബസ് റൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ഗോൾഫ് വണ്ടി റൂട്ടുകൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ഇതിന്റെ സർവീസ്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പോയിന്റുകളിൽ നിന്ന് യാത്രക്കാർക്ക് ബസ് സേവനം പ്രയോജനപ്പെടുത്താം. ഹൈ-റെസല്യൂഷൻ ഡിജിറ്റൽ മാപ്പുകൾ വഴി വിവരങ്ങൾ ശേഖരിക്കുന്നതിനാൽ നിശ്ചയിച്ച റൂട്ടിൽ നിന്ന് വ്യതിയാനം സംഭവിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കുന്നു.
സൗദി അറേബ്യയുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഈ പദ്ധതി വിഷൻ 2030-ന്റെ ഭാഗമാണ്. ഭാവി ഗതാഗത സൗകര്യങ്ങളിൽ നിക്ഷേപിക്കുന്നതിനും സുസ്ഥിരമായ ഗതാഗത പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ സംരംഭം വഴിയൊരുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വലിയ പ്രാധാന്യം നൽകുന്ന 2026-ൽ ഇത്തരം സ്മാർട്ട് സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കുന്നത് മദീനയിലെ സന്ദർശകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം നൽകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
