നെതര്‍ലന്‍ഡ്സ് പരിശീലക സ്ഥാനം രാജിവെച്ച് റൊണാള്‍ഡ് കോമാന്‍
2026 ഫിഫ ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകലിന് പിന്നാലെ നെതര്‍ലന്‍ഡ്സ് ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ രാജിവെച്ചു. റൗണ്ട് ഓഫ് 32-ല്‍ മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് 63-കാരനായ കോമാന്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. മൊണ്ടെറെയില്‍ നടന്ന മത്സരത്തില്‍ 72-ാം മിനിറ്റില്‍ കോഡി ഗാക്‌പോയിലൂടെ നെതര്‍ലന്‍ഡ്സ് ലീഡ് നേടിയിരുന്നു. എന്നാല്‍ മൊറോക്കോ സമനില പിടിക്കുകയും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡച്ച് ടീമിനെ പരാജയപ്പെടുത്തുകയുമായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് നെതര്‍ലന്‍ഡ്സ് അവസാന 16ല്‍ എത്തുന്നതിന് മുന്‍പേ ഇത്ര നേരത്തെ പുറത്താകുന്നത്. കോമാന്റെ വാക്കുകള്‍… 'ഡച്ച് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ചരിത്രം സൃഷ്ടിക്കുമെന്ന് സ്വപ്നം കണ്ടിരുന്നെങ്കിലും അത് സാധിച്ചില്ല. ഒരു പരിശീലകന്‍ എന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.' ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കോമാന്‍ വ്യക്തമാക്കി. തന്റെ ഭാര്യ ബാര്‍ട്ടിനയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ തന്റെ ജീവിതവീക്ഷണം മാറ്റിയെന്നും, ഫുട്‌ബോളിനേക്കാള്‍ വലുതാണ് ആരോഗ്യത്തെന്നും അദ്ദേഹം സൂചിപ്പിച്ചു. കോച്ചിംഗ് കരിയര്‍ അവസാനിപ്പിക്കാനുള്ള സൂചനകളും അദ്ദേഹം നല്‍കി.
